കാഠ്‌മണ്ഡു (Kathmandu [Nepal): നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തി കാഠ്‌മണ്ഡു മേയർ ബാലേന്ദ്ര ഷാ ( Mayor of Kathmandu, Balendra Shah). കഴിഞ്ഞ ദിവസം റിലീസായ 'ആദിപുരുഷ്' (Adipurush) എന്ന ചിത്രത്തിലെ ഡയലോഗ് വിവാദമായതിനെ തുടർന്നാണ് നടപടി. മേയർ ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ കാഠ്‌മണ്ഡുവിലെ തിയേറ്ററുകൾ ഹിന്ദി- ബോളിവുഡ് സിനിമകളുടെ പ്രദർശനം ഒഴിവാക്കി, പകരം ഹോളിവുഡ്, നേപ്പാളി സിനിമകളുടെ പ്രദർശനം ആരംഭിച്ചു.
ഞായറാഴ്‌ച (ജൂൺ 18) വൈകുന്നേരമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മേയർ പ്രഖ്യാപനം നടത്തിയത്. തലസ്ഥാനത്ത്, മുഴുവൻ ഇന്ത്യൻ സിനിമകളുടെയും പ്രദർശനം നിരോധിച്ചതായി അദ്ദേഹം അറിയിച്ചു. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കാഠ്‌മണ്ഡു മെട്രോപൊളിറ്റൻ പൊലീസിനെ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്ത്യൻ സിനിമയായ ആദിപുരുഷിലെ 'ജാനകി ഇന്ത്യയുടെ മകളാണെ'ന്ന് അവകാശപ്പെടുന്ന സംഭാഷണ ശകലമാണ് വിവാദമായത്. വെള്ളിയാഴ്‌ച (ജൂൺ 16) ലോകമെമ്പാടും റിലീസ് ചെയ്‌ത സംഭാഷണം പ്രതിഷേധാർഹമാണെന്ന് കാഠ്‌മണ്ഡു മേയർ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. 'സംഭാഷണം തിരുത്താൻ ഞങ്ങൾ മൂന്ന് ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു. ഇത് എല്ലാ സർക്കാരിന്‍റെയും സർക്കാർ ഏജൻസികളുടെയും സർക്കാരിതര മേഖലയുടെയും നേപ്പാളി പൗരന്‍റെയും പ്രഥമ കടമയാണെന്നതിൽ സംശയമില്ല. നേപ്പാളിന്‍റെ സ്വാതന്ത്ര്യം, ആത്മാഭിമാനം എന്നിവ നിലനിർത്തി ദേശീയ താൽപര്യം സംരക്ഷിക്കാനുമാണ് ഇപ്പോൾ ഈ നടപടി"- കാഠ്‌മണ്ഡു മേയർ പോസ്റ്റിൽ വ്യക്തമാക്കി.
ദേശീയ താൽപര്യം സംരക്ഷിക്കേണ്ടത് എല്ലാ സർക്കാർ അധികാരികളുടെയും കടമയാണെന്നും ഇത്തരം സിനിമകളുടെ പ്രദർശനം ദേശത്തിന്‍റെ സ്വത്വത്തിനും ദേശീയതയ്‌ക്കും സാംസ്കാരിക ഐക്യത്തിനും കോട്ടം വരുത്തുമെന്നും മേയർ അവകാശപ്പെട്ടു. "സിനിമ അതേപടി കാണിച്ചാൽ, നേപ്പാളിന്‍റെ ദേശീയതയ്‌ക്കും സാംസ്കാരിക ഐക്യത്തിനും ദേശീയ സ്വത്വത്തിനും സാരമായ തകരാർ സംഭവിക്കുമെന്നും പരിഹരിക്കാനാകാത്ത നാശം സംഭവിക്കുമെന്നും തോന്നുന്നു. ആ സിനിമയിലെ സാംസ്കാരിക കടന്നുകയറ്റം ഗുരുതരമാണ്"- മേയർ പറഞ്ഞു. ചിത്രം ദേശീയ താൽപര്യത്തിന് വിരുധമാണെന്നും മേയർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്‌ച രാവിലെ മുതൽ കാഠ്‌മണ്ഡുവിലെ എല്ലാ ഇന്ത്യൻ സിനിമകളുടെയും പ്രദർശനം നിരോധിക്കുമെന്നാണ് മേയറുടെ പ്രഖ്യാപനം. "രാജ്യത്തിനകത്തും പുറത്തും മറ്റ് പ്രദേശങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിച്ചാൽ, അത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു വസ്‌തുത സ്ഥാപിക്കുന്ന നിലയുണ്ടാകും. അതിനാൽ പ്രസ്‌തുത സിനിമയിൽ നിന്ന് ആക്ഷേപകരമായ ഭാഗങ്ങൾ നീക്കം ചെയ്യുന്നതുവരെ കാഠ്‌മണ്ഡു മെട്രോപൊളിറ്റൻ നഗരത്തിൽ ഒരു ഇന്ത്യൻ സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കുകയില്ല''- മേയർ പ്രസ്‌താവനയില്‍ അറിയിച്ചു.
കാഠ്‌മണ്ഡു മെട്രോപൊളിറ്റൻ നഗരത്തില്‍ 17 തിയേറ്ററുകളാണ് ആകെയുള്ളത്. മേയർ സെക്രട്ടേറിയറ്റില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച്, ഞായറാഴ്‌ച വൈകുന്നേരം തന്നെ കാഠ്‌മണ്ഡു മെട്രോപൊളിറ്റൻ പൊലീസിനെ ഇവിടങ്ങളില്‍ വിന്യസിക്കുകയും തിങ്കളാഴ്‌ച രാവിലെ മുതൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിരോധിക്കണമെന്ന് സന്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം കാഠ്‌മണ്ഡുവിൽ സ്‌ക്രീനിംഗ് നിരോധനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, 'ആദിപുരുഷി'ന്‍റെ നിർമാണ കമ്പനിയായ "ടി-സീരീസ്" നേപ്പാളി മേയർക്ക് കത്തെഴുതി. ഇത് ഒരിക്കലും മനഃപൂർവ്വം സംഭവിച്ചതല്ലെന്നും ആർക്കെങ്കിലും സിനിമയുടെ പേരില്‍ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് കത്ത്. "സിനിമയെ ഒരു കലാരൂപമെന്ന നിലയിൽ കാണാനും ഞങ്ങളുടെ സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള നല്ല ഉദ്ദേശ്യത്തെ പിന്തുണക്കാനും ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു"- ടി- സീരീസ് എന്നറിയപ്പെടുന്ന സൂപ്പർ കാസറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വക്താവ് രാധിക ദാസ് ഒപ്പിട്ട കത്തിൽ വ്യക്തമാക്കി.
വമ്പൻ ഹൈപ്പ് നല്‍കി പ്രദർശനത്തിനെത്തിയ ചിത്രമായ 'ആദിപുരുഷി'ൽ 'ജാനകി ഇന്ത്യയുടെ മകളാണ്' എന്ന സംഭാഷണമാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. നേപ്പാളിലെ സെൻസർ ബോർഡ് ഈ ഡയലോഗ് എതിർത്തതോടെ ചിത്രം വെള്ളിയാഴ്‌ച നേപ്പാളിൽ റിലീസ് ചെയ്യാൻ സാധിച്ചില്ല. പിന്നീട് ഡയലോഗ് നിശബ്‌ദമാക്കുമെന്ന് അറിയിച്ചതോടെ നേപ്പാളിലെ തിയറ്ററുകളിൽ പ്രദർശനാനുമതി ലഭിച്ചു. എന്നാൽ, പിന്നീട് സ്ഥിതിഗതികൾ മാറിമറിഞ്ഞു.
സിനിമയുടെ പ്രചാരത്തിലുണ്ടായ കാലതാമസവും മൂല്യം ചോരുമോ എന്നുള്ള ആശങ്കയും കാരണം വെള്ളിയാഴ്‌ചത്തെ പ്രഭാത ഷോയില്‍ മാറ്റമൊന്നും വരുത്താതെയാണ് സിനിമ പ്രദർശനത്തിനെത്തിയത്. തുടർന്ന് കാഠ്‌മണ്ഡു മെട്രോപൊളിറ്റൻ സിറ്റി (കെഎംസി) മേയർ വെള്ളിയാഴ്‌ച തന്നെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കത്തെഴുതി.
സിനിമയിലെ പ്രസ്‌തുത സംഭാഷണം ഒഴിവാക്കിയില്ലെങ്കിൽ നേപ്പാളിൽ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. സംഭവത്തില്‍ ഇന്ത്യയുമായി നയതന്ത്ര മുൻകൈയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട ഷാ അതേ പകർപ്പ് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെ കൗൺസിൽ, വിദേശകാര്യ മന്ത്രാലയം, ചലച്ചിത്ര വികസന ബോർഡ് എന്നിവയ്‌ക്കും അയച്ചിരുന്നു. സിനിമയുടെ സാംസ്കാരിക കടന്നുകയറ്റത്തില്‍ തങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിൽ മാത്രമല്ല, ഇന്ത്യയില്‍ പ്രദർശിപ്പിക്കുന്ന 'ആദിപുരുഷി'ല്‍ നിന്നും വിവാദ പദപ്രയോഗങ്ങൾ നീക്കം ചെയ്യുന്നതുവരെ കാഠ്‌മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിൽ ഹിന്ദി സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മേയർ ഷാ വ്യാഴാഴ്‌ച മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ 'ആദിപുരുഷ്' സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരാഖണ്ഡ് സന്യാസിമാരും രംഗത്തെത്തിയിരുന്നു. വന്‍ താരനിരയുള്ള ഈ ചിത്രം ആരും കാണരുതെന്നായിരുന്നു ഇവരുടെ അഭ്യർഥന. ആദിപുരുഷ് രാമായണത്തെ കളങ്കപ്പെടുത്താന്‍ നിര്‍മിച്ചതാണെന്നും ഇവർ കുറ്റപ്പെടുത്തി. 'ആദിപുരുഷി'നെ ശക്തമായി വിമര്‍ശിച്ച് കാളി സേന നേതാവ് സ്വാമി ആനന്ദ് സ്വരൂപും (Swami Anand Swaroop) രംഗത്തെത്തിയിരുന്നു.
ഗൂഢാലോചന പ്രകാരമാണ് ചിത്രം നിർമിച്ചതെന്നാണ് ആനന്ദ് സ്വരൂപിന്‍റെ ആരോപണം. 'ആദിപുരുഷ്' ആരും കാണരുതെന്ന് പറഞ്ഞ അദ്ദേഹം ഈ സിനിമയെ ശക്തമായി എതിർക്കുമെന്നും അറിയിച്ചിരുന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ (Akhil Bhartiya Hindu Mahasabha) ദേശീയ വക്താവ് ശിശിർ ചതുർവേദിയും (Shishir Chaturvedi) 'ആദിപുരുഷി'നെതിരെ രംഗത്തെത്തി. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ 'ആദിപുരുഷ്' നിർമാതാക്കൾക്കും താരസംഘടനകൾക്കും എതിരെ അഖില ഭാരതീയ ഹിന്ദു മഹാസഭ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
ALSO READ:Adipurush: 'രാമായണത്തെ കളങ്കപ്പെടുത്താന്‍ നിര്‍മിച്ചത്, ആരും കാണരുത്'; സിനിമയ്‌ക്കെതിരെ ഉത്തരാഖണ്ഡ് സന്യാസിമാര്‍