മുന്ദ്ര (ഗുജറാത്ത്):ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കാൾ ഉയരത്തിൽ രാജ്യത്തെ ഏറ്റവും വലിയ കാറ്റാടി യന്ത്രം സ്ഥാപിച്ച് അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ മുന്ദ്രയിലാണ് അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് 200 മീറ്റർ ഉയരമുള്ള കൂറ്റൻ കാറ്റാടി യന്ത്രം സ്ഥാപിച്ചത്. 182 മീറ്ററാണ് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഉയരം.
ഭീകരനാണിവൻ: ജംബോ ജെറ്റിന്‍റെ ചിറകിനേക്കാൾ വീതിയുള്ള ബ്ലേഡുകളാണ് കാറ്റാടി യന്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 200 മീറ്റർ ഉയരമുള്ള ഈ കാറ്റാടി യന്ത്രത്തിന് 5.2 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഏകദേശം 4,000 വീടുകൾക്ക് ഊർജം പകരാനും കഴിയും. അദാനി എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ (എഇഎൽ) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മുന്ദ്ര വിൻഡ്ടെക് ലിമിറ്റഡ് (എംഡബ്ല്യുഎൽ) ആണ് ടർബൈൻ സ്ഥാപിച്ചിരിക്കുന്നത്.
120 മീറ്റർ ഉയരത്തിലാണ് ( ഏകദേശം 40 നില കെട്ടിടത്തിന്‍റെ ഉയരം) കാറ്റാടി യന്ത്രത്തിന്‍റെ ജനറേറ്റർ ഹബ് സ്ഥിതിചെയ്യുന്നത്. 140 മീറ്റർ ഹബിലധികം ഉയരമുള്ള കാറ്റാടി യന്ത്രം സ്ഥാപിക്കുന്നതിനുള്ള അടിത്തറയാണ് ഇതിലൂടെ സ്ഥാപിച്ചിരിക്കുന്നതെന്ന് മുന്ദ്ര വിൻഡ്ടെക് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മിലിന്ദ് കുൽക്കർണി പറഞ്ഞു. ഭാവിയിൽ ഞങ്ങൾ സ്വന്തമായി ബ്ലേഡുകൾ നിർമ്മിക്കും. കാറ്റാടിയന്ത്രത്തിന്‍റെ സംയോജനം 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി കമ്മീഷൻ ചെയ്‌തതുവെന്നും ഉടൻ തന്നെ ടൈപ്പ് സർട്ടിഫിക്കേഷനായി പോകുമെന്നും മിലിന്ദ് കുൽക്കർണി കൂട്ടിച്ചേർത്തു.
5.2 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കാറ്റാടിയന്ത്രം കൂടിയാണിത്. ജർമ്മനിയിലെ W2E (വിൻഡ് ടു എനർജി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കാറ്റിന്‍റെ വേഗതയനുസരിച്ച് സെക്കന്‍റിൽ 3 മീറ്റർ വരെയും 20 മീറ്റർ വരെയും പ്രവർത്തിക്കാൻ ഈ യന്ത്രത്തിന് കഴിയും. സെക്കന്‍റിൽ വേഗത 12 മീറ്റർ വരെയെത്തുമ്പോഴാണ് യന്ത്രം അതിന്‍റെ ഒപ്റ്റിമൽ പവർ ഉത്‌പാദനത്തിലേക്കെത്തുന്നത്.