ന്യൂഡല്‍ഹി: അദാനി ഇടപാടുകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയിലെയും രാജ്യസഭയിലെയും 16 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റ് വളപ്പില്‍ സംയുക്തമായി പ്രതിഷേധിച്ചു. അദാനി വിഷയത്തില്‍ സുപ്രീം കോടതിയുടെയോ സംയുക്ത പാര്‍ലമെന്‍ററി കാര്യസമിതിയുടെയോ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
അദാനി ഇടപാടുകളില്‍ അന്വേഷണം വേണം; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധം - മല്ലികാര്‍ജുന്‍ ഖാര്‍ഗെ
അദാനി വിഷയത്തില്‍ സുപ്രീം കോടതിയുടെയോ സംയുക്ത പാര്‍ലമെന്‍ററി കാര്യസമിതിയുടെയോ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് 16 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ന് പാര്‍ലമെന്‍റ് വളപ്പില്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷമായിരുന്നു പ്രതിഷേധം. വിഷയത്തില്‍ തുടര്‍ സമരപരിപാടികള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നത്. കോൺഗ്രസ്, ഡിഎംകെ, എൻസിപി, ബിആർഎസ്, ജെഡിയു, എസ്‌പി, സിപിഎം, സിപിഐ, ജെഎംഎം, ആർഎൽഡി, ആർഎസ്‌പി, എഎപി, ഐയുഎംഎൽ, ആർജെഡി എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍, പാര്‍ലമെന്‍റ് വളപ്പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് പ്രത്യേക യോഗത്തിന് എത്തിയിരുന്നില്ല. അദാനി വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും കോണ്‍ഗ്രസ് എംപിമാര്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ഭാരത് രാഷ്‌ട്ര സമിതി ലോക്‌സഭയിലും രാജ്യസഭയിലും വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്.