ന്യൂഡൽഹി:അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തുടരുന്ന അന്വേഷണം അവസാനിപ്പിക്കാൻ 15 ദിവസം കൂടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പുതിയ അപേക്ഷയിൽ, കേസുമായി ബന്ധപ്പെട്ട 24 കാര്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയതായും സെബി അറിയിച്ചു.
പ്രസ്‌തുത 24 അന്വേഷണങ്ങളിൽ 17 എണ്ണം അന്തിമവും പൂർണവുമാണെന്നും സെബിയുടെ നിലവിലുള്ള സമ്പ്രദായങ്ങൾക്കും നടപടി ക്രമങ്ങൾക്കും അനുസൃതമായി കോംപീറ്റന്‍റ് അതോറിറ്റി അംഗീകരിച്ചവയാണെന്നും റെഗുലേറ്റർ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിച്ച സമയപരിധി ഇന്ന് തീരുന്ന പശ്ചാത്തലത്തില്‍ അന്തിമ റിപ്പോർട്ട് നൽകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, അന്വേഷണം അവസാനിപ്പിക്കാൻ 15 ദിവസം കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് സെബി.
അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം 15 ദിവസത്തേക്ക് കൂടി നീട്ടണം. അല്ലെങ്കിൽ കോടതി ഈ കേസിന്‍റെ വസ്‌തുതകളും സാഹചര്യങ്ങളും പരിശോധിച്ച് ഉചിതവും ആവശ്യവുമാണെന്ന് കരുതുന്ന മറ്റ് കാലയളവ് അനുവദിക്കണമെന്നും സെബി ആവശ്യപ്പെട്ടു. ഏതാണ്ട് മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ആയിരുന്നു ഇന്ന് സമര്‍പ്പിക്കാനിരുന്നത്.
ജൂലൈ 11ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച്, അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില കൃത്രിമം സംബന്ധിച്ച ആരോപണങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണത്തിന്‍റെ സ്ഥിതിയെക്കുറിച്ച് സെബിയോട് ചോദിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് 14 വരെ അന്വേഷണത്തിന് സമയം നീട്ടുകയും ഈ സമയത്തിനുള്ളിൽ തന്നെ വേഗത്തിൽ അന്വേഷണം അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.