ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരിലൊരാള്‍ പ്രതിരോധ മേഖലയിലെ ഒരു സ്ഥാപനത്തിന്‍റെ സഹ സ്ഥാപകനാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍. അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരായ എലാറ ഇന്ത്യ ഓപ്രര്‍ച്യൂണിറ്റീസ് ഫണ്ട് (എലാറ ഐഒഎഫ്) എന്ന മൗറീഷ്യസ് കേന്ദ്രീകൃതമായ കമ്പനിക്ക് പ്രതിരോധ മേഖലയിലെ സ്ഥാപനമായ ബെംഗളൂരു ആസ്ഥാനമായുള്ള ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുണ്ടെന്ന് കാണിച്ചാണ് പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചത്. മൗറീഷ്യസില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള എലാറ ഇന്ത്യ ഓപ്രര്‍ച്യൂണിറ്റീസ് ഫണ്ട് എന്ന എലാറ കാപിറ്റലാണ് അദാനി ഗ്രൂപ്പിന്‍റെ പ്രധാന നിക്ഷേപകരിലൊന്ന് എന്ന് വ്യക്തമാക്കിയുള്ള ദ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ വാര്‍ത്താറിപ്പോര്‍ട്ടിനെ ചൂണ്ടിയാണ് പ്രതിപക്ഷ സ്വരം ഉയര്‍ന്നത്.
രാജ്യസുരക്ഷയില്‍ വിട്ടുവീഴ്‌ചയോ:ഈ പ്രതിരോധ കമ്പനി ഐഎസ്‌ആര്‍ഒയുമായും ഡിആര്‍ഡിഒയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് 2003 ലാണ്. കാലഹരണപ്പെട്ട പെച്ചോറ മിസൈൽ, റഡാർ സംവിധാനങ്ങൾ എന്നിവ നവീകരിക്കുന്നതിനും ഡിജിറ്റല്‍വത്‌കരിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി 590 കോടി രൂപയുടെ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എന്നാല്‍ അജ്ഞാതമായ ഒരു വിദേശ സ്ഥാപനത്തിന് തന്ത്രപ്രധാനമായ പ്രതിരോധത്തിന്‍റെ നിയന്ത്രണം നല്‍കി ഇന്ത്യയുടെ രാജ്യസുരക്ഷയില്‍ എന്തിനാണ് വിട്ടുവീഴ്‌ച ചെയ്യുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടിന്‍റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ മിസൈൽ, റഡാർ നവീകരണ കരാർ അദാനിയുടെ ഉടമസ്ഥതയിലുള്ളതും സംശയാസ്‌പദമായ വിദേശ സ്ഥാപനമായ എലാരയ്‌ക്കും നൽകിയിരിക്കുന്നു. ആരാണ് എലാരയെ നിയന്ത്രിക്കുന്നത്?. അജ്ഞാതരായ വിദേശ സ്ഥാപനങ്ങൾക്ക് തന്ത്രപ്രധാനമായ പ്രതിരോധ ഉപകരണങ്ങളുടെ നിയന്ത്രണം നൽകുന്നതിലൂടെ ഇന്ത്യയുടെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.