ബെംഗളൂരു : ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്‍റെ പരസ്യം ഹിന്ദുമത വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന വിചിത്ര വാദവുമായി കര്‍ണാടക ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഗ്‌ഡെ. പരസ്യത്തില്‍ തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ഖാന്‍ പറയുന്ന ഭാഗമുണ്ട്. ഇതിനെതിരെയാണ് എം.പി രംഗത്തെത്തിയിരിക്കുന്നത്.
കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായ ആനന്ദ് വർധൻ ഗോയങ്കയ്‌ക്ക്, ഒക്ടോബർ 14 ന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. തെരുവിൽ പടക്കം പൊട്ടിക്കരുതെന്ന് ആമിർ ഖാൻ ആളുകളെ ഉപദേശിക്കുന്ന സമീപകാല പരസ്യം വളരെ നല്ല സന്ദേശമാണ് നൽകുന്നത്. പൊതുപ്രശ്‌നങ്ങളിലെ നിങ്ങളുടെ ഈ ഇടപെടലിന് കൈയ്യടി ആവശ്യമാണ്.
'വഴിമുടക്കിയുള്ള നിസ്‌കാരം ഒഴിവാക്കാന്‍ പറയുമോ?'
സമാനമായ ഒരു പൊതുപ്രശ്‌നത്തില്‍കൂടി പരിഹാരം കാണാന്‍ ഇടപെടാന്‍ അഭ്യർഥിക്കുകയാണ്. വെള്ളിയാഴ്ചകളിൽ റോഡില്‍ വഴിമുടക്കിയാണ് മുസ്‌ലിങ്ങള്‍ ജുമുഅ നമസ്‌കരിക്കുന്നത്. ബാങ്ക് വിളി സമയത്ത് പള്ളികളില്‍ നിന്ന് ശബ്‌ദ മലിനീകരണമുണ്ടാവുകയും ചെയ്യുന്നു. ഇത് രണ്ടും ഒഴിവാക്കാന്‍ പറയാന്‍ നിങ്ങള്‍ ധൈര്യപ്പെടുമോ?.
തിരക്കേറിയ റോഡുകളില്‍ വഴിമുടക്കിയുള്ള മുസ്‌ലിങ്ങളുടെ നിസ്‌കാരം ആംബുലൻസുകൾ, അഗ്നിശമന സേനാവാഹനങ്ങൾ എന്നിവയുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്നതുമൂലം നിരവധിപേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടാന്‍ കാരണമായെന്നും ഹെഗ്‌ഡെ അവകാശപ്പെടുന്നു. ഇക്കാര്യം കൂടി പരസ്യത്തില്‍ പരിഗണിക്കണം. ഹിന്ദുക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന പരസ്യത്തില്‍ ശ്രദ്ധവേണം. ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്നും അനന്ത്കുമാര്‍ ഹെഗ്‌ഡെ പറയുന്നു.
ALSO READ:രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി