പനാജി(ഗോവ):ബിജെപി നേതാവും നടിയുമായ സോണാലി ഫോഗട്ടിന്‍റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പ്രാഥമിക റിപ്പോർട്ടുകൾ സോണാലി ഫോഗട്ട് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സോണാലിയുടെ മരണം അസ്വാഭാവിക മരണമായാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതെന്നും ഗോവ പൊലീസ് മുമ്പ് പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.
"ഞങ്ങൾ ഇത് ഗൗരവമായി കാണുന്നു. ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) നേരിട്ടാണ് നിരീക്ഷിക്കുന്നത്. അന്വേഷണത്തിന്‍റെയും പോസ്‌റ്റ്‌മോർട്ടത്തിന്‍റെയും റിപ്പോർട്ടുകൾ അദ്ദേഹത്തിനറിയാം. പ്രാഥമിക റിപ്പോർട്ടുകളനുസരിച്ച് ഡോക്‌ടർമാരുടെയും ഡിജിപിയുടെയും അഭിപ്രായത്തിൽ ഇത് ഹൃദയസ്‌തംഭനമാണെന്ന് തോന്നുന്നു" എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഓഗസ്‌റ്റ് 22 ന് ഗോവയിൽ സോണാലി മരിച്ചതില്‍ ബന്ധുക്കൾ സംശയം ഉന്നയിച്ച് രംഗത്തു വന്നിരുന്നു. മരണത്തിന്‍റെ തലേദിവസം വൈകുന്നേരം അവള്‍ ഫോണ്‍ കോള്‍ ചെയ്‌തിരുന്നു. വാട്‌സ്‌ആപ്പ് വഴി സംസാരിക്കണമെന്നും എന്തെല്ലാമോ നടക്കുന്നുണ്ടെന്നും സോണാലിയുടെ സഹോദരി പറഞ്ഞു. തുടര്‍ന്ന് അമ്മയോട് സംസാരിച്ചുവെന്നും ഭക്ഷണം കഴിച്ചതിലെ അസ്വസ്ഥതയെ കുറിച്ച് പരാതിപ്പെട്ടുവെന്നും അവര്‍ അറിയിച്ചു.
2019 ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ആദംപൂർ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ഫോഗട്ട് മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് ഹരിയാന ജൻഹിത് കോൺഗ്രസിൽ ഉണ്ടായിരുന്ന കുൽദീപ് ബിഷ്‌ണോയിയോട് പരാജയപ്പെടുകയായിരുന്നു. 2020-ൽ 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം സോണാലി കുടുംബ പ്രേക്ഷകര്‍ക്കും സുപരിചിതയായി. മരണത്തിന് മണിക്കൂറുകൾക്ക് മുന്‍പ് ഫോഗട്ട് തന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമമായ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തിരുന്നു.