ഹൈദരാബാദ്:പുതിയചിത്രത്തിന്‍റെ റിലീസിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഇൻ ഇന്ത്യ (CBFC) കൈക്കൂലി ആവശ്യപ്പെട്ടുവെന്ന തമിഴ് നടന്‍ വിശാലിന്‍റെ ആരോപണം (Actor Vishal Allegation) ചര്‍ച്ചയാകവെ, പ്രതികരിച്ച് നടന്‍ രംഗത്ത്. തന്‍റെ ആരോപണങ്ങളെ തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം (MIB) വേഗത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയതായി താരം തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്. ഈ മറുപടിയോട് നന്ദിയറിയിച്ച അദ്ദേഹം, നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മനസുതുറന്നു.
പ്രതികരണം ഇങ്ങനെ: മുംബൈയിലെ സിബിഎഫ്‌സിയുടെ അഴിമതി വിഷയവുമായി ബന്ധപ്പെട്ട് ഉടനടി നടപടികൾ സ്വീകരിച്ചതിന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയത്തിന് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. ആവശ്യമായ നടപടി സ്വീകരിച്ചതിന് നന്ദിയും അഴിമതിയിലേക്ക് നീങ്ങാതെ രാഷ്‌ട്രത്തെ സേവിക്കാൻ സത്യസന്ധമായ പാത സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതും സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതൊരു മാതൃകയായിരിക്കുമെന്നും തീർച്ചയായും പ്രതീക്ഷിക്കുന്നുവെന്ന് വിശാല്‍ എക്‌സില്‍ കുറിച്ചു.
എന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കും ഇതില്‍ ഉടനടി നടപടി കൊണ്ടുവരാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. എന്നെപ്പോലുള്ള ഒരു സാധാരണക്കാരനും നീതി പുലരുമെന്ന് വിശ്വസിക്കുന്ന അഴിമതിക്ക് ഇരയായ ജനങ്ങള്‍ക്കും ഇത് സംതൃപ്തി നൽകുന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല ജയ് ഹിന്ദ് എന്നുകൂടി കുറിച്ചാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.