ചെന്നൈ:തന്‍റെ ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്ക'ത്തിന്‍റെ ജില്ലാ തലവന്മാരുമായി നടൻ വിജയ് കൂടിക്കാഴ്‌ച നടത്തി. താരത്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കൂടിക്കാഴ്‌ച എന്നത് ശ്രദ്ധേയമാണ്. ചൊവ്വാഴ്‌ച (ജൂലൈ 11)യാണ് നടൻ യോഗം വിളിച്ചത്.
ചെന്നൈയ്‌ക്ക് സമീപം പനയൂരിലുള്ള വിജയ്‌യുടെ ഫാം ഹൗസിൽ നടന്ന യോഗത്തിൽ തമിഴ്‌നാട്ടിലെ 234 ജില്ലകളിലെ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു. 2026 ൽ നടക്കാൻ പോവുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനൊപ്പം ഭാവി പരിപാടികളും തീരുമാനിക്കുക എന്നതായിരുന്നു യോഗത്തിന്‍റെ അജണ്ട എന്നാണ് വിവരം. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 2.45ന് വേദിയിൽ എത്തിയ വിജയ് 300ലധികം എക്‌സിക്യൂട്ടീവുകൾക്കൊപ്പം ഫോട്ടോയും എടുത്തിരുന്നു. വൈകിട്ട് 4.50നാണ് അദ്ദേഹം വേദി വിട്ടത്.
വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദിന്‍റെ നേതൃത്വത്തിലാണ് പരിപാടിക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. തമിഴ്‌നാട് സംസ്ഥാന രാഷ്‌ട്രീയത്തിലും 2026-ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സിനിമകളിൽ നിന്ന് രണ്ട് വർഷത്തെ ഇടവേള എടുക്കാൻ വിജയ് പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. ഇതിനിടെ രാഷ്‌ട്രീയപരമായി തന്‍റെ അടുത്ത നീക്കത്തെ കുറിച്ച് വിജയ് ആലോചിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
നേരത്തെ, ഒരു പ്രത്യേക പരിപാടിയിൽ, വിജയ് മക്കൾ ഇയക്കം ചെന്നൈയിലെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയികളായ വിദ്യാർഥികളെ ആദരിച്ചിരുന്നു. ജൂൺ 17 ന് നടന്ന ചടങ്ങിൽ 234 മണ്ഡലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് താരം സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകിയത്. വേദിയിൽ വച്ച് സ്വപ്‌നങ്ങളെ പിന്തുടരുന്നതിനെ കുറിച്ചും തന്‍റെ ജീവിത യാത്രയെക്കുറിച്ചും വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും വിജയ് നടത്തിയ ഹൃദയസ്‌പർശിയായ പ്രഭാഷണം ശ്രദ്ധ നേടിയിരുന്നു.