ചെന്നൈ:ആഡംബര കാര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടന്‍ വിജയ്ക്കെതിരെ തമിഴ്‌നാട് വാണിജ്യ നികുതി വകുപ്പ് ചുമത്തിയ പിഴയില്‍ ഇളവ് വരുത്തി മദ്രാസ് ഹൈക്കോടതി. 2019ന് ശേഷമുള്ള പിഴതുക മാത്രം അടച്ചാല്‍ മതിയെന്നാണ് കോടതിയുടെ ഉത്തരവ്.
അതേസമയം ഇത്തരം ഇടപാടുകളില്‍ നികുതി ഈടാക്കാനുള്ള അവകാശം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളതാണെന്നും കോടതി പറഞ്ഞു. 2021 ജനുവരിയില്‍ ആണ് വാണിജ്യ നികുതി വകുപ്പ് നടപടിക്കെതിരെ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ബിഎംഡബ്ല്യു കമ്പനിയുടെ ആഡംബര കാര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 2005 മുതല്‍ നികുതിയും പിഴയും അടക്കം 30.23 ലക്ഷം രൂപ അടക്കാനാണ് വകുപ്പ് നടനോട് ആവശ്യപ്പെട്ടത്.
എന്നാല്‍ താന്‍ കൃത്യമായ നികുതി അടയ്ക്കുന്നയാളാണെന്ന് വിജയ് വകുപ്പിനെ അറിയിച്ചു. എല്ലാ നികുതിയും അടച്ചാണ് വാഹനം സംസ്ഥാനത്ത് എത്തിച്ചതെന്നും അദ്ദേഹം വകുപ്പിനെ അറിയിച്ചു. എന്നാല്‍ നടപടിയുമായി വകുപ്പ് മുന്നോട്ട് പോകുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 2005ല്‍ ഇറക്കുമതി ചെയ്ത കാറിന് നികുതി അടയ്ക്കുന്നതില്‍ നടന് വീഴ്ച സംഭവിച്ചെന്ന് വകുപ്പ് ആരോപിച്ചു. അമേരിക്കയില്‍ നിന്നാണ് ബിഎംഡബ്ല്യു എക്സ് 5 കാർ വാങ്ങിയതെന്നും ഇതിന് നികുതി അടച്ചെന്നും വിജയ്‌യുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
400 ശതമാനം അധികം നികുതിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ശതമാനം നികുതി മാത്രമെ അടക്കേണ്ടതുള്ളു എന്ന് വിജയ്‌യുടെ അഭിഭാഷകന്‍ വാദിച്ചു. ഇരുഭാഗത്തിന്‍റേയും വാദം കേട്ട കോടതി 2019ന് ശേഷമുള്ള നികുതി അടയ്ക്കാനും 2005 മുതല്‍ 2019 വരെയുള്ള നികുതി അടക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. 2005ല്‍ 63 ലക്ഷം രൂപക്കാണ് വിജയ് കാര്‍ വാങ്ങിയത്. എന്നാല്‍ വിധി പ്രകാരം എത്ര രൂപയാണ് അടക്കേണ്ടി വരിക എന്ന കാര്യം വകുപ്പ് നടനെ പിന്നീട് അറിയിക്കും.