വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ച് വിജയ് ചെന്നൈ:രാഷ്‌ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയില്‍ ചെന്നൈയിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളോട് സംവദിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് Vijay. കാശ് വാങ്ങാതെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ രക്ഷിതാക്കളോട് പറയണമെന്ന് വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ച് താരം. ഇതിലൂടെയുള്ള മാറ്റത്തെ സ്വയം തിരിച്ചറിയാനും വിജയ് വിദ്യാര്‍ഥികളോട് പറഞ്ഞു.
സംസ്ഥാനത്തെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു താരം. വോട്ടിനായി പണം വാങ്ങുന്നത്, സ്വന്തം കൈ കൊണ്ട് സ്വന്തം കണ്ണുകൾ കുത്തുന്നത് പോലെയാണെന്ന് വിജയ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. വിജയിയുടെ വാക്കുകള്‍ക്ക് വിദ്യാര്‍ഥികള്‍ ആവേശകരമായ കരഘോഷമാണ് നല്‍കിയത്.
'തെരഞ്ഞെടുപ്പ് സമയത്ത് കാശ് വാങ്ങാതെ വോട്ട് ചെയ്യാന്‍ നിങ്ങളുടെ രക്തിതാക്കളോട് പറയുക. അതിനായി ശ്രമിക്കുക, നിങ്ങളതില്‍ വിജയിക്കും. മാറ്റം കാണൂ. തെരഞ്ഞെടുപ്പില്‍ കാശ് വാങ്ങാതെ ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നതിന്‍റെ ഗുണം ഉടൻ തന്നെ ആദ്യ വോട്ടർമാരാകാന്‍ ഒരുങ്ങുന്ന വിദ്യാർത്ഥികൾ തിരിച്ചറിയണം. ഇത് സംഭവിക്കുമ്പോൾ, നിങ്ങള്‍ വിദ്യാഭ്യാസം പൂർത്തിയാക്കും.' - വിജയ് പറഞ്ഞു.
'ഒന്നര ലക്ഷം വോട്ടർമാരുള്ള ഒരു മണ്ഡലത്തിൽ ഒരു വോട്ടിന് 1,000 രൂപ നൽകുന്ന ഒരു രാഷ്‌ട്രീയക്കാരനെ പരിഗണിക്കുക. അങ്ങനെയെങ്കില്‍ അയാൾ എത്ര രൂപ നൽകിയിരിക്കണം. ഏകദേശം 15 കോടി?. ഒരാൾ 15 കോടി രൂപ നൽകണമെങ്കില്‍, അയാൾ എത്ര രൂപ നേരത്തെ സമ്പാദിച്ചിട്ടുണ്ടെന്ന് ചിന്തിക്കുക. ഇതെല്ലാം നിങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.' - വിജയ് കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ പരിഷ്‌കർത്താക്കളെ കുറിച്ച് അറിവ് നേടാനും വിജയ് വിദ്യാർഥികളോട് അഭ്യര്‍ഥിച്ചിരുന്നു. പുസ്‌തക വിജ്ഞാനം സമ്പാദിക്കുന്നതിനും അപ്പുറം, ബിആർ അംബേദ്‌കർ, ഇവിആർ പെരിയാർ, കെ കാമരാജ് തുടങ്ങി എല്ലാ സാമൂഹ്യ പരിഷ്‌കർത്താക്കളെ കുറിച്ചും പഠിക്കണമെന്നും അവരുടെ നല്ല വശങ്ങൾ മാത്രം ഉൾക്കൊള്ളണമെന്നും താരം യുവ മനസുകളെ ഉദ്ബോധിപ്പിച്ചു.
താരത്തിന്‍റെ ഈ അഭ്യർഥനയെ ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗൾ കച്ചി (വിസികെ) നേതാവ് തോൽ തിരുമാവളവൻ സ്വാഗതം ചെയ്‌തു. പരീക്ഷയില്‍ വിജയിക്കാത്ത കുട്ടികളെ സഹായിക്കണമെന്നും വിജയ് വിദ്യാര്‍ഥികളോട് പറഞ്ഞു. 'എനിക്ക് ഒരു ചെറിയ അഭ്യർഥനയുണ്ട്. പരീക്ഷകളിൽ വിജയിക്കാൻ കഴിയാത്തവർക്കൊപ്പം സമയം ചെലവഴിക്കുക. പരീക്ഷകളിൽ വിജയിക്കുന്നത് എളുപ്പമാണെന്ന് അവരോട് പറയുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.' - വിജയ് പറഞ്ഞു.
'ഒരിക്കലും തെറ്റായ തീരുമാനങ്ങൾ എടുക്കരുത്, ധീരമായ തീരുമാനങ്ങൾ എടുക്കുക. ജീവിതത്തിൽ മുന്നോട്ട് പോകുമ്പോള്‍, നിങ്ങൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം നിങ്ങള്‍ സ്വയം അച്ചടക്കത്തോടെ കൈകാര്യം ചെയ്യുക. ജീവിതം ആസ്വദിക്കൂ, എന്നാൽ നിങ്ങളുടെ വ്യക്തിത്വം ഉപേക്ഷിക്കരുത്. നമ്മുടെ ജീവിതം നമ്മുടെ കൈകളിലാണ്.' - വിജയ് നിർദേശിച്ചു.
താൻ ഒരിക്കലും ഒരു മിടുക്കനായ വിദ്യാർഥി ആയിരുന്നില്ലെന്നും വിജയ് പറഞ്ഞു. 'ഞാൻ നിങ്ങളെപ്പോലെ മിടുക്കനായ ഒരു വിദ്യാർഥി ആയിരുന്നില്ല. ശരാശരി വിജയിച്ച ഒരു വിദ്യാർഥി മാത്രമായിരുന്നു. എന്‍റെ യാത്ര സിനിമകളുടെ ദിശയിലൂടെയായിരുന്നു. ഓർക്കുക, നിങ്ങളുടെ സ്വഭാവത്തിനും ചിന്താശേഷിക്കും പ്രാധാന്യം നൽകിയാൽ മാത്രമേ വിദ്യാഭ്യാസം പൂർത്തിയാകൂ.' - വിജയ് വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
വിജയ് മുന്നോട്ടുവച്ച സന്ദേശത്തെ, തമിഴ്‌നാട് യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്‌റ്റാലിന്‍ Udhayanidhi Stalin പിന്തുണച്ചു. വിജയിയുടെ പ്രസ്‌താവനയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉദയനിധി സ്‌റ്റാലിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.
'അദ്ദേഹം ഒരു നല്ല കാര്യം പറഞ്ഞു. എന്താണ് നിങ്ങളുടെ പ്രശ്‌നം.' - ഉദയനിധി പറഞ്ഞു. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, രാഷ്ട്രീയ രംഗത്തേക്ക് വരാൻ ആർക്കും അവകാശമുണ്ടെന്നും ഉദയനിധി സ്‌റ്റാലിന്‍ വ്യക്തമാക്കി.
Also Read:Leo Update: 'നിങ്ങള്‍ റെഡിയാണോ..?', 'നാ റെഡി...'; ദളപതി ആരാധകര്‍ക്ക് വമ്പന്‍ പിറന്നാള്‍ സമ്മാനം