കൊൽക്കത്ത: മുൻ തൃണമൂൽ നേതാവും നടനുമായ മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നു. ഞായറാഴ്ച കൊൽക്കത്ത ബ്രിഗേഡ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിൽ മിഥുൻ ചക്രബർത്തി ബിജെപി അംഗത്വം സ്വീകരിച്ചു. ചടങ്ങിൽ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, പാർട്ടി വൈസ് പ്രസിഡന്‍റ് മുകുൾ റോയ്, സംസ്ഥാന പാർട്ടി ചീഫ് ദിലീപ് ഘോഷ് എന്നിവരും പങ്കെടുത്തു.
മുൻ തൃണമൂൽ നേതാവും നടനുമായ മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നു - മോഹൻ ഭാഗവത്
മിഥുൻ ചക്രബർത്തി ബിജെപി അംഗത്വം സ്വീകരിച്ചു
ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ മാസം ചക്രബർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിൽ സജീവമായിരുന്ന താരമാണ് മിഥുൻ ചക്രബർത്തി. എന്നാൽ 2016ൽ താരം രാജ്യസഭ എംപി സ്ഥാനം രാജിവച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നിരവധി പേരാണ് ബിജെപിയിൽ ചേർന്നത്.
അതേസമയം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി ദേശീയ ജനറർ സെക്രട്ടറി അരുൺ സിംഗ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നന്ദിഗ്രാമിൽ സുവേന്ദു അധികാരി മത്സരിക്കും. മാർച്ച് 27നും ഏപ്രിൽ 29നും ഇടയിൽ എട്ട് ഘട്ടമായിട്ടാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.