തിരുവനന്തപുരം: കൈതിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് തമിഴ് നടന് കാര്‍ത്തി. നടൻ വിജയ്ക്ക് ഒപ്പമുള്ള 'ദളപതി 67' എന്ന ചിത്രം പൂര്‍ത്തിയായ ഉടന്‍ കൈതിയുടെ ഷൂട്ടിങ് ആരംഭിക്കുമെന്ന് കാര്‍ത്തി പറഞ്ഞു. കാര്‍ത്തിയും അതിഥി ശങ്കറും പ്രധാന വേഷത്തിലെത്തുന്ന 'വിരുമൻ' എന്ന ചിത്രത്തിന്റെ കേരള റീലിസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്ത സമ്മേളനത്തില്‍ കാര്‍ത്തിയുടെ 'കൈതി' എന്ന ചിത്രത്തിലെ 'ദില്ലി' എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. 'ദില്ലി' എന്ന കഥാപാത്രത്തിന് ലഭിക്കുന്ന സ്നേഹം കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് കാര്‍ത്തി പറഞ്ഞു. സഹോദരന് സൂര്യയുമൊന്നിച്ച് സിനിമ ചെയ്യണം എന്നാഗ്രഹമുണ്ടെന്നും നല്ല തിരക്കഥകള്‍ വന്നാല്‍ അത് സംഭവിക്കും. വിക്രം ചിത്രത്തില്‍ മുഖം കാണിക്കാന്‍ കഴിയാതിരുന്നത് 'ദില്ലി' എന്ന കഥാപാത്രം ആവശ്യപ്പെടുന്ന രൂപത്തിലായിരുന്നില്ല, അതിനാലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
'സ്ഫടികം ഇഷ്ട സിനിമ':മലയാളത്തിലെ 'സ്ഫടികം' ഇഷ്ട സിനിമയാണ്. 'വിരുമനി'ലെ സംഘട്ടന രംഗങ്ങളിൽ സ്ഫടികത്തിലെ നായകൻ അടുതോമയുടെ സ്വാധീനം ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ നിർദേശം സംവിധായകൻ മുത്തയ്യയും നൽകിയിരുന്നു.
അച്ഛൻ എന്നാൽ എന്താണെന്ന വിഷയം ചർച്ച ചെയ്യുന്ന സിനിമയാണിത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നത്. അത്തരം സിനിമകളിൽ ലുങ്കി മടക്കിക്കുത്തി ഇറങ്ങുമ്പോൾ തന്നെ പ്രത്യേക ഊർജം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.