കേരളം

kerala

ETV Bharat / bharat

കെജിഎഫ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു; ഖനിയുടെ പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങി അധികൃതർ

2001ൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച കോലാർ സ്വർണ ഖനിയിലെ അവശിഷ്‌ടങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള ടെൻഡർ അധികൃതർ ക്ഷണിച്ചതായാണ് വിവരം.

Kolar Gold Mines  കോലാർ സ്വർണഖനി  കെജിഎഫ്  KGF Mines  Actions to restore KGF  കോലാർ ഗോൾഡ് മൈൻസ്  സ്വർണ ഖനി  കോലാർ സ്വർണഖനി പുനരുജ്ജീവിപ്പിക്കുന്നു  സയനൈഡ് കുന്നുകൾ  cyanide mounds in KGF  Govt take action to restore KGF  Actions to restore KGF  കെജിഎഫ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു
കെജിഎഫ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു

By

Published : Dec 6, 2022, 5:52 PM IST

Updated : Dec 6, 2022, 10:51 PM IST

ബെംഗളൂരു: ലോകപ്രശസ്‌തമായ കോലാർ ഗോൾഡ് മൈൻസ്(കെജിഎഫ്) പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു. ലോകത്തെ തന്നെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ സ്വർണ ഖനിയായ കെജിഎഫിനെ വീണ്ടും പുനരുജ്ജീവിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ. 22 വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച ഖനിയിലെ അവശിഷ്‌ടങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള ടെൻഡർ അധികൃതർ ക്ഷണിച്ചതായാണ് വിവരം.

ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ഖനികളിൽ ഇപ്പോഴും ആയിരക്കണക്കിന് കോടി രൂപയുടെ സ്വർണ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു കാലത്ത് സ്വർണം വിളയിച്ചിരുന്ന കെജിഎഫ് പ്രവർത്തന നഷ്‌ടം ഏറിയതോടെയാണ് 2001ൽ ഭാരത് ഗോള്‍ഡ് മൈന്‍സ് എന്ന പൊതുമേഖല ഖനന കമ്പനി പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചത്. ഇതോടെ ദുരിതത്തിലായത് അവിടെ പണിയെടുത്തിരുന്ന 3500 ഓളം തൊഴിലാളികളായിരുന്നു.

ഇവർക്ക് അർഹതപ്പെട്ട 52 കോടി രൂപയുടെ നഷ്‌ടപരിഹാരം പോലും നൽകാതെയാണ് ഖനിയുടെ പ്രവർത്തനം കമ്പനി അവസാനിപ്പിച്ചത്. തുടർന്ന് തങ്ങളുടെ പ്രശ്‌നങ്ങളിൽ അധികൃതർ ഇടപെടുന്നില്ലെന്ന് കാട്ടി തൊഴിലാളികളും തൊഴിലാളി സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു. അവരുടെ പോരാട്ടം 22 വർഷങ്ങൾക്കിപ്പുറം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ആവശ്യങ്ങൾ മാത്രം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് ഖനിയുടെ പ്രവർത്തനം വീണ്ടും പുനരാരംഭിക്കുന്നു എന്ന വാർത്തയെത്തുന്നത്.

സ്വർണം തുളുമ്പുന്ന സയനൈഡ് കുന്നുകൾ: ആഴമേറിയ ഖനികളിൽ നിന്ന് പുറത്തെത്തിക്കുന്ന മണ്ണിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ശേഷം ഈ മണ്ണിനെ പുറത്ത് കൂട്ടിയിടുകയായിരുന്നു പതിവ്. ഇവ പതിയെ വലിയ കുന്നുകളായി മറി. ഈ മണ്ണിൽ സയനൈഡിന്‍റെ അംശമുള്ളതിനാൽ ഇവ സയനൈഡ് കുന്നുകൾ എന്നാണ് അറിയപ്പെടുന്നത്. കെജിഎഫിന് ചുറ്റം ഇത്തരത്തിലുള്ള 13 കുന്നുകളാണുള്ളത്. നിലവിൽ ഇവയിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള ടെൻഡറുകളാണ് കേന്ദ്ര സർക്കാർ ക്ഷണിച്ചിരിക്കുന്നത്.

ഈ 13 കുന്നുകളിലായി 35 ലക്ഷം മില്യണ്‍ ടണ്‍ മണ്ണുണ്ടെന്നാണ് കണക്ക്. ഈ മണ്ണ് പരിശോധിച്ചതിൽ നിന്ന് ഒരു ടണ്‍ മണ്ണിൽ ഒരു ഗ്രാം സ്വർണം ഉണ്ടെന്ന് വിദഗ്‌ധർ കണ്ടെത്തിയിട്ടുണ്ട്. ഈ കണക്ക് പ്രകാരം കുറഞ്ഞത് 25 ടണ്‍ സ്വർണം ഈ മണ്ണുകളിൽ നിന്ന് മാത്രമായി ശേഖരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ ഖനികളിലെ സ്വർണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഭൂഗർഭ ഖനി വകുപ്പ് ഉദ്യോസ്ഥരും അറിയിച്ചിട്ടുണ്ട്.

പതിവായി മോഷണം: വർഷങ്ങളായി പ്രവർത്തനം നിലച്ചതിനാൽ കോലാർ ഖനിയിലെ യന്ത്രങ്ങളുടെ പ്രവർത്തനവും തകരാറിലായിട്ടുണ്ട്. ഇവ ലേലം ചെയ്യാൻ പറ്റാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ആരും ശ്രദ്ധിക്കാനില്ലാത്തതിനാൽ ഖനിയിലെ യന്ത്രങ്ങൾ മോഷണം പോകുന്നതും പതിവായി മാറിയിട്ടുണ്ട്. ഇതിനെതിരെ അധികൃതർ നടപടിയെടുത്തതായി രേഖകളിലൊന്നും തന്നെ കാണിക്കുന്നുമില്ല.

കൂടാതെ സയനൈഡ് കുന്നുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കൾ മനുഷ്യ ശരീരത്തിന് വളരെയേറെ ദോഷം ചെയ്യുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ശക്തമായ കാറ്റുണ്ടായാൽ സയനൈഡ് കുന്നുകളിൽ നിന്നുള്ള പൊടി ജനവാസ മേഖലകളിലേക്കാണ് പതിക്കുന്നത്. ത്വക്ക്, വൃക്ക രോഗങ്ങൾക്കും കാൻസറിനും ഈ മണ്ണ് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. അതിനാൽ തങ്ങൾക്ക് അർഹതപ്പെട്ട ആരോഗ്യ സേവനമെങ്കിലും സൗജന്യമായി നടപ്പാക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.

Last Updated : Dec 6, 2022, 10:51 PM IST

ABOUT THE AUTHOR

...view details