ചെന്നൈ (തമിഴ്‌നാട്) : അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാൻഡിൽ കഴിയുന്ന യൂട്യൂബര്‍ ടിടിഎഫ് വാസന്‍റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. സംസ്ഥാന ഗതാഗത വകുപ്പാണ് വാസന്‍റെ ലൈസൻസ് 10 വർഷത്തേക്ക് റദ്ദാക്കിയത് (Action Against TTF Vasan- Driving License Canceled for 10 Years). നടപടിയെത്തുടര്‍ന്ന് 06.10.2023 മുതൽ 05.10.2033 വരെ ഇയാള്‍ക്ക് ലൈസന്‍സ് എടുക്കാനാകില്ല.
സെപ്റ്റംബര്‍ 17 ന് ചെന്നൈ–വെല്ലൂർ ദേശീയപാതയിൽ കാഞ്ചീപുരത്തിന് സമീപം ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വാസൻ തെറിച്ചുവീണത്. അപകട സമയത്ത് വാസന്‍ ഉപയോഗിച്ചിരുന്ന സുസുക്കിയുടെ സൂപ്പര്‍ ബൈക്ക് മോഡലായ ഹയാബുസയ്ക്ക് (Suzuki Hayabusa) 20 ലക്ഷം രൂപയോളം വിലയുണ്ട്. അപകടം നടന്നപ്പോൾ വാസൻ ഉപയോഗിച്ചിരുന്നത് 2 ലക്ഷം രൂപ വിലയുള്ള സ്യൂട്ടുമാണ്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സര്‍വീസ് റോഡിലൂടെ പോകുമ്പോള്‍ ബൈക്കിന്‍റെ മുന്‍ വീല്‍ ഉയര്‍ത്തുന്നതും തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് തെറിച്ച് പോകുന്നതുമാണ് വീഡിയോയിലുള്ളത്. വാസന്‍ തെറിച്ച് പോയ ശേഷം ബൈക്ക് നാല് തവണ മലക്കം മറിഞ്ഞാണ് റോഡിന് വെളിയിലെത്തിയത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.