സിലിഗുരി:പശ്ചിമ ബംഗാളിന്‍റെ വടക്കൻ പ്രദേശത്തെ ഭീതിയില്‍ ആഴ്‌ത്തിയിരിക്കുകയാണ് 'കുഞ്ഞന്‍ പ്രാണികള്‍'. സിലിഗുരിയും ഡാർജിലിംങും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രശ്‌നം രൂക്ഷം. 'നെയ്‌റോബി ഫ്ലൈ' (Nairobi fly) അല്ലെങ്കില്‍ 'ആസിഡ് ഫ്ലൈ' (Acid Fly) എന്നും അറിയപ്പെടുന്ന ഈ പ്രാണിയുടെ ആക്രമണത്തിന് നിരവധി ആളുകളാണ് ഇരയായത്.
മനുഷ്യ ചര്‍മത്തില്‍ ചുവന്ന പാടുകളും തിണര്‍പ്പും മുറിവുകളുമാണ് ഈ ആഫ്രിക്കൻ പ്രാണിയില്‍ നിന്നും ഉണ്ടാവുന്നത്. വടക്കൻ ബംഗാളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേപോലെ പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട് 'ആസിഡ് ഈച്ച'. എന്നാല്‍, പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. ഓറഞ്ച്, ചുവപ്പ്, കറുപ്പ് നിറങ്ങളുള്ള കക്ഷിയുടെ ശരീരത്തിൽ പെഡിറ്റിൻ എന്ന ഒരു തരം ആസിഡുണ്ട്, ഇതാണ് ഈ പ്രാണിയെ വില്ലനാക്കിയത്.
'മഴ മുഖ്യം ബിഗിലേ':പ്രധാനമായും ഉയർന്ന മഴയുള്ള പ്രദേശങ്ങളിലാണ് നെയ്‌റോബി പ്രാണികളുടെ വാസസ്ഥലമായി തെരഞ്ഞെടുക്കാറുള്ളത്. മഴ കൂടിയ ഹിമാലയത്തിന്‍റെ താഴ്‌വരയിലും അതിജീവിക്കാന്‍ ഈ പ്രാണികള്‍ക്ക് കഴിയും. മുൻവർഷങ്ങളെ അപേക്ഷിച്ച് മഴ കൂടുതലായതിനാൽ അസാധാരണമായ തോതിലാണ് ആസിഡ് ഈച്ച പെരുകിയത്.
സാധാരണയായി ഇവ കടിക്കാറില്ല. പിന്നെ എങ്ങനെയാണ് മനുഷ്യനെ ആക്രമിക്കുന്നു എന്നതല്ലേ..? ശരീരത്തിൽ വന്നിരിക്കുന്ന കൊതുകുകളെയും ഈച്ചകളെയും കൊല്ലുന്നത് പതിവാണല്ലോ. അതുപോലെ ആളുകള്‍ അടിച്ചുകൊല്ലുന്നതാണ് ചുവന്ന പാടുകളും തിണര്‍പ്പും ഉണ്ടാവാന്‍ കാരണം. നെയ്‌റോബി പ്രാണിയുടെ ശരീരത്തിലടങ്ങിയ, നേരത്തേ പറഞ്ഞ ആസിഡ് മനുഷ്യരുടെ ചര്‍മത്തില്‍ പതിച്ചാണ് മുറിവുകളുണ്ടാവുന്നത്.
കാടുകയറുന്നവര്‍ 'ജാഗ്രതൈ':മുറിവുണ്ടാവുന്ന ഇടത്ത് പൊള്ളുന്ന തരത്തില്‍ അസഹനീയമായ വേദന അനുഭവപ്പെടും. ഇത് പിന്നീട്, പനിക്കും ഛർദിക്കും കാരണമാകും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്‌ടറെ കാണണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ഡോക്‌ടറുടെ നിർദേശം ശരിയായി പാലിച്ചാൽ 8-10 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കാം. കാടുമൂടിയ പ്രദേശങ്ങൾ ഒഴിവാക്കുക ഇത്തരത്തിലുള്ള 'ആക്രമണങ്ങള്‍' ഒഴിവാക്കാനുള്ള പോംവഴിയെന്ന് ഡോക്‌ടർമാരും വിദഗ്‌ധരും പറയുന്നു. രാത്രിയിൽ ഫുൾകൈ ഷർട്ടും പാന്‍റും കൊതുകുവലയും ഉപയോഗിക്കണമെന്നും ഡോക്‌ടർമാർ നിർദേശിക്കുന്നു.
സിലിഗുരി മുനിസിപ്പാലിറ്റിയിലെ ആശ്രാംപാറ, ഗുരുങ് ബസ്‌തി, ചമ്പസാരി, ദേബിദംഗ, മതിഗര, ഖപ്രയിൽ, ദേശ്ബന്ധുപാര തുടങ്ങി നിരവധിയിടങ്ങളിലെ പ്രദേശവാസികളാണ് പ്രാണി ശല്യത്താല്‍ ബുദ്ധിമുട്ടുന്നത്. നക്‌സൽബാരി, ഖാരിബാരി, ഫാൻസിഡെവ പ്രദേശങ്ങളിലെ ആളുകള്‍ക്കും മുറിവേറ്റതായി റിപ്പോർട്ടുകളുണ്ട്.