ന്യൂഡൽഹി:പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ. ആഗ്ര ആസ്ഥാനമായുള്ള സ്ഥാപനമാണ് ആസിഡ് വിറ്റതെന്ന് ഫ്ലിപ്‌കാർട്ട് പൊലീസിനെ അറിയിച്ചു. ആക്രമണം നടത്താനായി യുവാക്കൾ ആസിഡ് വാങ്ങിയത് ഫ്ലിപ്‌കാർട്ടിലൂടെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്‌ച ഫ്ലിപ്‌കാർട്ടിന് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടിസ് അയച്ചിരുന്നു. ഫ്ലിപ്‌കാർട്ടിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 600 രൂപയ്ക്കാണ് യുവാക്കൾ ആസിഡ് വാങ്ങിയതെന്നാണ് കണ്ടെത്തൽ.
അന്വേഷണം വഴി തെറ്റിക്കാനും ശ്രമം :ഡൽഹിയിലെ ദ്വാരക ജില്ലയിലെ ഉത്തം നഗറിൽ ബുധനാഴ്‌ച (ഡിസംബർ 14) രാവിലെ ഏഴരയോടെയാണ് സംഭവം. ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ വിദ്യാർഥിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ സഫ്‌ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. മുഖ്യപ്രതി സച്ചിൻ അറോറയും സുഹൃത്തുക്കളായ ഹർഷിത് അഗർവാൾ (19), വീരേന്ദർ സിംഗ് (22) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ഉപയോഗിച്ച മൊബൈലും ബൈക്കും പോലീസ് പിടിച്ചെടുത്തു. സച്ചിനും ഹർഷിതും ചേർന്നാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
അതേസമയം, അന്വേഷണം വഴിതെറ്റിക്കാനായി സച്ചിന്‍റെ മൊബൈലും വസ്‌ത്രവും സ്‌കൂട്ടിയും വീരേന്ദറിനെ ഏൽപ്പിച്ച് മറ്റൊരിടത്തേക്ക് പറഞ്ഞയച്ചു. പൊലീസ് അന്വേഷണം സച്ചിനിലെത്തിയാലും ഈ സമയം താൻ മറ്റൊരിടത്താണെന്നും തന്‍റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാൽ ഇത് അറിയാമെന്നും വരുത്തിത്തീർക്കാനായിരുന്നു മൂവരുടെയും ശ്രമം.
ആസിഡ് സംഘടിപ്പിച്ച വഴി: ഫ്ലിപ്‌കാർട്ടിൽ നിന്നാണ് ആസിഡ് വാങ്ങിയതെന്ന് തുടർന്ന് സച്ചിൻ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. തുടർന്ന് വ്യാഴാഴ്‌ച പൊലീസ് ഫ്ലിപ്‌കാർട്ടിന് നോട്ടിസ് അയച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആസിഡ് ഒരു ഇ-കൊമേഴ്‌സ് പോർട്ടൽ വഴി വാങ്ങിയതാണെന്നും ഇ-വാലറ്റ് വഴിയാണ് സച്ചിൻ അറോറ പണം നൽകിയതെന്നും സ്‌പെഷ്യൽ പൊലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.
സൗഹൃദം അവസാനിപ്പിച്ചതിൽ പക:സച്ചിൻ അറോറയും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. എന്നാൽ, അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്ന് സെപ്റ്റംബറിൽ പെൺകുട്ടി യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ സച്ചിൻ പൊലീസിനോട് പറഞ്ഞു.
വിശദീകരണം തേടി ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷയും:സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ആസിഡ് വിറ്റതിന് വിശദീകരണം തേടി രണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കമ്പനികളുടെ സിഇഒമാര്‍ക്ക് ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ കത്തയച്ചിരുന്നു. ആസിഡ് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. ആൺസുഹൃത്താണ് പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആസിഡ് ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
ആസിഡ് ഓണ്‍ലൈനില്‍ ലഭ്യമാണെന്ന കാര്യം ആശങ്കയുളവാക്കുന്നതാണെന്നും ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷ അയച്ച കത്തില്‍ പറയുന്നു. ആസിഡ് ഓണ്‍ലൈനില്‍ പോസ്‌റ്റ് ചെയ്യുന്നതിന് മുമ്പായി വില്‍പ്പനക്കാരന് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ എന്നും വാങ്ങുന്ന ആളുടെ ഫോട്ടോ ഐഡി അടക്കമുള്ള വിശദാംശങ്ങള്‍ തേടിയിരുന്നോ എന്നും കത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോട് ചോദിക്കുന്നു.
ആസിഡ് ഓണ്‍ലൈന്‍ മുഖേന വില്‍ക്കാനുള്ള ലൈസന്‍സ് പ്ലാറ്റ്‌ഫോമിനുണ്ടോ എന്നും കത്തില്‍ ചോദിക്കുന്നു. വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പ്ലാറ്റ്‌ഫോം പിന്തുടരുന്ന നയം സംബന്ധിച്ച വിശദാംശങ്ങള്‍, നിയന്ത്രണമുള്ള ആസിഡ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ വ്യക്തമാക്കാനും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.