നാഗ്‌പൂർ:ഗാന്ധിയൻ ആശയങ്ങളുടെ പരീക്ഷണശാലയായി വിശേഷിപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു ഭൂദാൻ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ആചാര്യ വിനോബ ഭാവെ. ഗാന്ധിയുടെ ആശയങ്ങൾ പ്രായോഗികമാക്കാൻ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. ആദ്യ സത്യഗ്രഹിയായി മഹാത്‌മാഗാന്ധി വിശേഷിപ്പിച്ച വ്യക്തിയാണ് ഭാവെ.
ഗാന്ധിയൻ ആശയങ്ങൾ മുറുകെ പിടിച്ച ആചാര്യ വിനോബ ഭാവെ 1895 സെപ്തംബർ 11ന് റായ്‌ഡഡ് ജില്ലയിലെ ഗാഗോഡ് ഗ്രാമത്തിൽ ജനിച്ച വിനോബ ഭാവെക്ക് ചെറുപ്പം മുതൽക്കു തന്നെ ആത്മീയതയോടായിരുന്നു താത്പര്യം. ഇക്കാരണത്താൽ 1916ൽ പരീക്ഷക്കായി മുംബൈയിലേക്ക് യാത്ര തിരിച്ച ഭാവെ വാരാണസിയിലേക്ക് പുറപ്പെടുകയും മാർച്ച് 15ന് വാരാണസിയിൽ എത്തിച്ചേരുകയും ചെയ്‌തു. വാരാണസി ജീവിതത്തിനിടെ ഗാന്ധിജിയുടെ പ്രസംഗങ്ങൾ കേൾക്കാൻ ഇടവരികയും ഗാന്ധിയൻ ആശയങ്ങൾ ഭാവെയിൽ സ്വാധീനം ചെലുത്തുകയും ചെയ്‌തു. തുടർന്ന് തന്‍റെ ചില സംശയങ്ങൾക്ക് ഉത്തരം തേടി ഭാവെ ഗാന്ധിക്ക് കത്തെഴുതി. ഇതിനെ തുടർന്ന് മഹാത്മാഗാന്ധി ഭാവെയെ കൊച്ചറബിലെ സത്യഗ്രഹി ആശ്രമത്തിലേക്ക് ക്ഷണിച്ചു.
1916 ജൂൺ ഏഴിനാണ് വിനോബ ഭാവെ മഹാത്മാഗാന്ധിയെ ആദ്യമായി നേരിൽ കാണുന്നത്. ഇതായിരുന്നു വിനോബയുടെ ഗാന്ധിയൻ ചിന്തകളുടെ യാത്രയുടെ തുടക്കം.
1921ൽ വാർധയിലെ സത്യഗ്രഹി ആശ്രമത്തിന്‍റെ ഡയറക്‌ടറായി ഭാവെയെ മഹാത്മാഗാന്ധി നിയമിച്ചു. ഗ്രാമങ്ങൾ സ്വയം പര്യാപ്തമായാൽ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും എളുപ്പത്തിൽ തുരത്താം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്. 1930നും 1932നുമിടയിൽ സിവിൽ നിയമലംഘന സമരത്തിനിടെ വിനോബക്ക് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ജയിൽ മോചിതനായ ശേഷവും ഭാവെ ഗാന്ധിയുടെ മാർഗനിർദേശപ്രകാരം സ്വാതന്ത്ര്യത്തിനായുള്ള സമരം തുടർന്നുകൊണ്ടിരുന്നു.
ഗാന്ധിജി അദ്ദേഹത്തെ ആദ്യത്തെ സത്യഗ്രഹിയായി പ്രഖ്യാപിച്ചതിന് ശേഷം, ഭാവെ ഗ്രാമങ്ങളിൽ പോയി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കരുതെന്ന് ഇന്ത്യക്കാരോട് അഭ്യർഥിച്ചു. യുദ്ധവിരുദ്ധ പ്രസംഗങ്ങൾ നടത്തിയതിനും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1942ൽ സേവാഗ്രാമിൽ സത്യഗ്രഹം നടത്തിയതിനും അതേ വർഷം തന്നെ ചലോ ജാവോ സമരത്തിൽ പങ്കെടുത്തതിനും വീണ്ടും അറസ്റ്റിലായി.
1945ൽ ജയിൽ മോചിതനായ വിനോബ ഭാവെ ഗാന്ധിജിയുടെ മാർഗനിർദേശപ്രകാരം വീണ്ടും ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ഗ്രാമവികാസ് മണ്ഡലങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും വിനോബ തന്‍റെ സ്വാശ്രയ പ്രവർത്തനങ്ങളും സൃഷ്ടിപരമായ പ്രവർത്തനങ്ങളും തുടർന്നുക്കൊണ്ടിരുന്നു. സ്വാശ്രയവും അഹിംസാത്മകവുമായ ഒരു സാമൂഹിക ഘടന സൃഷ്ടിക്കാനാണ് ഭാവെ 1951ൽ ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്. ഇതിലൂടെ ജീവിതത്തെയും സമൂഹത്തെയും മാറ്റിമറിക്കുക എന്നതായിരുന്നു വിനോബയുടെ ലക്ഷ്യം.
1951 ഏപ്രിൽ 18ന് തെലങ്കാനയിലെ പോച്ചംപള്ളി ഗ്രാമത്തിലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്. ഗ്രാമത്തിലെ കർഷകനായ രാംചരൺ റെഡ്ഡി തന്‍റെ 100 ഏക്കർ ഭൂമി പ്രസ്ഥാനത്തിനായി സംഭാവന ചെയ്‌തു. 13 വർഷവും മൂന്ന് മാസവും പ്രസ്ഥാനം നീണ്ടുനിന്നിരുന്നു. ഈ കാലയളവിൽ രാജ്യത്തുടനീളം 80,000 കിലോമീറ്റർ ഭാവെ സഞ്ചരിക്കുകയും സംഭാവന ലഭിച്ച 45 ലക്ഷം ഏക്കർ ഭൂമി രാജ്യത്തെ ഭൂരഹിതരായ പൗരന്മാർക്ക് വിതരണം ചെയ്യുകയും ചെയ്‌തു. സ്വാതന്ത്ര്യാനന്തരം സർവോദയ സ്ഥാപിച്ച് അദ്ദേഹം തന്‍റെ പ്രവർത്തനങ്ങൾ തുടർന്നു. നാഗ്‌പൂരിലെ വിനോബ വിചാരകേന്ദ്രം വഴിയാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ടിട്ടും ആചാര്യ വിനോബ ഭാവെയുടെ പ്രവർത്തനങ്ങൾ രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.