ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ (ടിഎസ്‌പിഎസ്‌സി) ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതി പരീക്ഷയ്‌ക്ക് ചാറ്റ് ജിപിടി ഉപയോഗിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇയര്‍ ബഡ്‌സുകള്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ഉത്തരങ്ങള്‍ പങ്കിട്ടതായും സംഘം കണ്ടെത്തി. ഏഴ് ഉദ്യോഗാര്‍ഥികള്‍ക്കാണ് പ്രതി ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരങ്ങള്‍ പങ്കിട്ടത്. അതേസമയം ചാറ്റ് ജിപിടി ഉപയോഗിച്ച് രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അസിസ്‌റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫിസര്‍ തസ്‌തികളിലേക്കുള്ള ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതും ചാറ്റ്ജിപിടി ഉപയോഗിച്ച് പ്രതികള്‍ ഉത്തരങ്ങള്‍ പങ്കിട്ടതും. പെദ്ദപ്പള്ളിയില്‍ വച്ച് തെലങ്കാന നോര്‍ത്തേണ്‍ പവര്‍ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡിലെ എഞ്ചിനീയറായ പൂള രമേശിനെ പിടികൂടിയതിന് പിന്നാലെയാണ് കേസിനെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്.
പരീക്ഷക്കിടെ ഇയര്‍ ബഡ്‌സുകള്‍ ഉപയോഗിച്ച ഇയാള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഉത്തരങ്ങള്‍ കൈമാറുകയായിരുന്നു. രണ്ട് പരീക്ഷകള്‍ക്കാണ് ഇയാള്‍ ഇത്തരത്തില്‍ ഉത്തരങ്ങള്‍ പങ്കിട്ടത്. തസ്‌തികയിലേക്കുള്ള മൂന്ന് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ നേരത്തെ ഇയാള്‍ക്ക് ലഭിച്ചിരുന്നു.
പരീക്ഷ ആരംഭിച്ച് 10 മിനിറ്റിനുള്ളില്‍ പരീക്ഷ ഹാളിലെത്തിയ ഉദ്യോഗാര്‍ഥികളിലൊരാള്‍ ചോദ്യ പേപ്പര്‍ പൂള രമേശിന് വാട്‌സ്‌ആപ്പില്‍ അയച്ച് കൊടുത്തു. രമേശ് അടക്കം നാല് പേര്‍ ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഉദ്യോഗാര്‍ഥികള്‍ക്ക് ശരിയുത്തരം കൈമാറി. പരീക്ഷ എഴുതുന്ന ഓരോ ഉദ്യോഗാര്‍ഥികളും 40 ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത്തരത്തില്‍ 10 കോടി രൂപ സമ്പാദിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
കണ്ടെത്തലിന് പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കി എസ്‌ഐടി: കേസില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇയര്‍ബഡ്‌സുകള്‍ അടക്കമുള്ള ഇത്തരം ഉപകരണങ്ങളുമായി എങ്ങനെയാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷ ഹാളില്‍ പ്രവേശിക്കപ്പെട്ടത് എന്നതില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പരീക്ഷ ഹാളിലേക്ക് ഇത്തരം ഉപകരണങ്ങളുമായി എത്തിയ ഉദ്യോഗാര്‍ഥികളുടെ എണ്ണവും അവരെ പരീക്ഷ ഹാളിന് അകത്തേക്ക് കടത്തിവിട്ട ബന്ധപ്പെട്ട ഇന്‍വിജിലേറ്ററെയും കണ്ടെത്താനുള്ള അന്വേഷണ സംഘത്തിന്‍റെ ശ്രമം തുടരുകയാണ്.
മാര്‍ച്ച് 13നാണ് ടിഎസ്‌പിഎസ്‌സി പരീക്ഷ അഴിമതി കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട് 49 പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ടിഎസ്‌പിഎസ്‌സിയിലെ അസിസ്റ്റന്‍റ് സെക്ഷൻ ഓഫിസർ പ്രവീൺ കുമാർ, ടിഎസ്‌പിഎസ്‌സിയിലെ നെറ്റ്‌വർക്ക് അഡ്‌മിൻ രാജശേഖർ റെഡ്ഡി എന്നിവര്‍ അടക്കം ഏഴ് പേരെയാണ് ആദ്യം കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. പരീക്ഷ അഴിമതി കേസില്‍ ബിആര്‍എസ് സര്‍ക്കാറിന് പങ്കുണ്ടെന്നും കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.
എന്താണ് ചാറ്റ് ജിപിടി: മനുഷ്യരെ പോലെ വായിക്കുവാനും എഴുതുവാനും ചാറ്റ് ചെയ്യാനുമെല്ലാം കഴിയുന്ന നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടി. ഇതൊരു ഭാഷ മോഡലാണ്. മൈക്രോസോഫ്‌റ്റിന്‍റെ ഓപ്പണ്‍ എഐ എന്ന സ്ഥാപനമാണ് ചാറ്റ് ജിപിടി വികസിപ്പിച്ചിട്ടുള്ളത്.
ഗൂഗിള്‍ സെര്‍ച്ച് പോലെ ബിങ് എന്ന സെര്‍ച്ച് എഞ്ചിനാണ് ചാറ്റ് ജിപിടിക്ക് ഉള്ളത്. ഗൂഗിളില്‍ നമ്മള്‍ എന്തിനെ കുറിച്ച് സെര്‍ച്ച് ചെയ്‌താലും അതിനെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. അതുപോലെ അതിനേക്കാള്‍ അഡ്വാന്‍സ്‌ഡ് ആയിട്ടുള്ള സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടി.