മിഡ്‌നാപൂര്‍:13കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അഞ്ച് വർഷത്തിനു ശേഷം യുവാവിനെ വെറുതെ വിട്ട് കോടതി. ഡിഎൻഎ പരിശോധന നടത്തിയതോടെ കുട്ടിയുടെ പിതാവ് യുവാവല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാള്‍ മിഡ്‌നാപൂര്‍ സ്വദേശിയെ കോടതി വെറുതെ വിട്ടത്. 2017ൽ കേശ്‌പൂരിലെ ആനന്ദ്പൂർ സ്വദേശിയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവത്തിന്‍റെ തുടക്കം.
2017ല്‍ 22 വയസുള്ള അയൽവാസിയായ യുവാവ് വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് കുടുംബം ആരോപിച്ചു. യുവാവ് ആരോപണങ്ങള്‍ ആ സമയത്ത് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, കുടുംബവും നാട്ടുകാരും ചേര്‍ന്ന് നാട്ടുകൂട്ടം കൂടി പെൺകുട്ടിയെ യുവാവിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിപ്പിച്ചു കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായ ഇയാള്‍ വീട്ടിൽ നിന്ന് ഒളിച്ചോടി.
'കള്ളക്കേസില്‍ കുടുക്കിയത് ആര്‍ക്കുവേണ്ടി': കള്ളക്കേസില്‍ കുടുക്കിയതിന് കൗമാരക്കാരിയ്‌ക്കും കുടുംബത്തിനുമെതിരെ മിഡ്‌നാപൂർ കോടതിയിൽ യുവാവ് കേസ് ഫയൽ ചെയ്‌തു. ഈ കേസിന്‍റെ വാദം ഇപ്പോഴും തുടരുകയാണ്. ഡിഎന്‍എ ഫലം പുറത്തുവന്ന സാഹചര്യത്തില്‍ നിലവില്‍ 18 വയസ് പൂര്‍ത്തിയായ പരാതിക്കാരിയേയും അമ്മയേയും അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു.
തുടര്‍ന്ന്, പിടിയിലായ പരാതിക്കാരിയ്‌ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയും കുട്ടിയുടെ യഥാർഥ പിതാവുമായ ആളെ അടിയന്തരമായി പിടികൂടാനും ലോക്കൽ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. അന്വേഷണത്തിൽ വീഴ്‌ച വരുത്തിയതിന് പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് യുവാവിന്‍റെ അഭിഭാഷകന്‍ ഷാമിക് ബാനർജി ഉന്നയിച്ചത്.
'സത്യം പുറത്തുവന്നിട്ടും യഥാര്‍ഥ പ്രതിയെ പിടികൂടിയിട്ടില്ല. കള്ളക്കേസ് നല്‍കിയ പരാതിക്കാരിയെ അറസ്റ്റുചെയ്‌തിട്ടും പല കാരണങ്ങള്‍ പറഞ്ഞ് കോടതി ജാമ്യം നല്‍കുകയാണുണ്ടായത്. ആരുടെ നിര്‍ദേശപ്രകാരമാണ് എന്‍റെ കക്ഷിയെ കള്ളക്കേസില്‍ കുടുക്കിയതെന്ന് ഇപ്പോഴും വ്യക്തമല്ല. കൃത്യമായ അന്വേഷണം നടന്നാല്‍ മാത്രമേ സത്യം പുറത്തുവരുകയുള്ളൂ.' - അഭിഭാഷകൻ ഷാമിക് ബാനർജി പറഞ്ഞു.