മുംബൈ :രാജ്യത്തെ ഞെട്ടിച്ച ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കൂട്ടക്കൊല കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു. മുംബൈ ആര്‍തര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന പ്രതി മഫത് മണിലാല്‍ ഗോഹില്‍, ഹര്‍ഷദ് റാവുജിഭായ് സോളങ്കി എന്നിവരെയാണ് മോചിപ്പിച്ചത്. ഏറെ നാള്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഇരുവരും നിരപരാധികളാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുംബൈ സെഷന്‍സ് കോടതിയുടെ നടപടി.
നേരത്ത നിരവധി തവണ കേസ് പരിഗണിക്കാനിരുന്ന കോടതി വിവിധ കാരണങ്ങള്‍ കൊണ്ട് മാറ്റിവയ്‌ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് പരിഗണിച്ചത്. പ്രതികളെ മോചിപ്പിച്ച് വര്‍ഷങ്ങളായി തുടരുന്ന കേസ് അവസാനിപ്പിച്ചതായി ജസ്റ്റിസ് എംജി ദേശ് പാണ്ഡെ പറഞ്ഞു. 2002ലെ മുംബൈയിൽ ഗോധ്രയില്‍ കലാപം നടന്നതിന് പിന്നാലെയാണ് വഡോദര ഗ്രാമത്തിലെ ഹനുമാന്‍ കുന്നിലെ ബെസ്റ്റ് ബേക്കറിയില്‍ ആക്രമണമുണ്ടായത്. 14 പേരാണ് ബേക്കറിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് 21 പേര്‍ക്കെതിരെ ബേക്കറി ഉടമയുടെ മകള്‍ സഹീറ ഷെയ്‌ഖാണ് പൊലീസില്‍ പരാതിയുമായെത്തിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം കേസിലെ മുഖ്യ സാക്ഷിയടക്കം കൂറുമാറിയതോടെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയ കോടതി പ്രതികളെ കുറ്റമുക്തരാക്കി. തുടര്‍ന്നാണ് സഹീറ ഷെയ്‌ഖ് കേസില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് സഹീറയെ സഹായിച്ചത് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദായിരുന്നു.
സഹീറയുടെ ഹര്‍ജിയില്‍ തുടര്‍ വിചാരണയ്‌ക്ക് ഉത്തരവിട്ട സുപ്രീംകോടതി കേസ് മുംബൈ പ്രത്യേക കോടതിയിലേക്ക് മാറ്റി. ഇതിനിടെ കേസില്‍ പങ്കുണ്ടെന്ന് പരാതി നല്‍കിയ സോളങ്കിയും ഗോഹിലും മറ്റ് രണ്ട് പ്രതികളും ഒളിവിലായിരുന്നു. എന്നാല്‍ അജ്‌മീര്‍ സ്‌ഫോടന കേസിനെ തുടര്‍ന്ന് ഇരുവരും അറസ്റ്റിലാവുകയായിരുന്നു.