ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യ(57) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. ഉദയ്വാലയിലുള്ള അദ്ദേഹത്തിന്‍റെ വസതിയില്‍ കഴുത്തറുത്ത് ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റംബാന്‍ പ്രദേശത്ത് താമസിക്കുന്ന യാസിര്‍ എന്ന ജോലിക്കാരനാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്ന് എഡിജിപി മുകേഷ് സിങ്ങിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.
കൃത്യം നടത്തിയതിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്നും കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി ഹേമന്ത് കുമാര്‍ ലോഹ്യയുടെ വീട്ടില്‍ ജോലി ചെയ്‌തു വരികയായിരുന്നു ഇയാള്‍. പ്രതിക്ക് വിഷാദരോഗവും അക്രമ സ്വഭാവവും ഉള്ളതായാണ് പ്രാഥമിക നിഗമനം.