ഖുഷിനഗർ(ഉത്തർപ്രദേശ്):വിവാഹ ആഘോഷത്തിനിടെ കിണറ്റിൽ വീണ് 11 സ്ത്രീകള്‍ മരിച്ചു. രണ്ട് പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ഖുഷിനഗർ ജില്ലയിലെ നെബുവ നൗറംഗിയ മേഖലയിലാണ് സംഭവം.
വിവാഹവുമായി ബന്ധപ്പെട്ട ഹൽദി ആഘോഷങ്ങൾക്കിടെയാണ് അപകടം. കിണറിന് മുകളിൽ ഇട്ടിരുന്ന സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ല മജിസ്ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു. നിരവധി ആളുകള്‍ മുകളിലേക്ക് കയറിയതോടെ കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് പൊട്ടുകയായിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖുഷിനഗറിലെ നെബുവ നൗറംഗിയ അപകടത്തിൽ ആളുകൾ മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്ററിലൂടെ അറിയിച്ചു.
ALSO READ:ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ സ്‌ഫോടനം; അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന