ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഹോസ്റ്റലിലെ മെസ് ജീവനക്കാരെ ജോലിയെടുക്കുന്നതില്‍ നിന്നും ഇടതുപക്ഷ വിദ്യാര്‍ഥി യൂണിയനുകളില്‍ പെട്ടവര്‍ തടയുന്നു എന്നാരോപിച്ച് എബിവിപി പ്രതിഷേധം. ഇടതുപക്ഷ യൂണിയനുകളുടെ നടപടി കാരണം ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് എബിവിപി ആരോപിച്ചു. അതേസമയം എബിവിപിയുടെ ആരോപണം ജെഎന്‍യു സ്റ്റുഡന്‍റ് യൂണിയന്‍ നിഷേധിച്ചു.
ജെഎന്‍യുവില്‍ എബിവിപി പ്രതിഷേധം; ഇടത് വിദ്യാര്‍ഥി സംഘടനകള്‍ മെസ് ജീവനക്കാരെ തടയുന്നു എന്ന് ആരോപണം
മെസ് ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതില്‍ സമരത്തിലാണെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍.
ഹോസ്റ്റലിലെ മെസ് ജീവനക്കാരും ശുചീകരണ തൊഴിലാളികളും ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിലാണെന്നും തങ്ങള്‍ ഇവരെ ജോലിയെടുക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ലെന്നും ജെഎന്‍യു സ്റ്റുഡന്‍റ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. മെയ് 5ാം തീയതി 'മാവോയിസ്റ്റ് ഗുണ്ടകള്‍' മെസ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതിനാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിച്ചില്ലെന്നും സര്‍വകലാശാലയുടെ നിര്‍ണായക ഭാഗമായ ജീവനക്കാരോടൊപ്പം സംഘടന നിലയുറപ്പിക്കുമെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു.
സര്‍വകലാശാലയിലെ നൂറ് കണക്കിന് മെസ് ജീവനക്കാരും ശുചീകരണ തൊഴിലാളികളും മെയ് 5ാം തീയതി ജോലി ബഹിഷ്‌കരിച്ചെന്നും സര്‍വകലാശാല ഡീനിന്‍റെ ഒഫീസിന് മുന്നിലെ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടരുകയാണെന്ന് തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യ കേന്ദ്ര കൗണ്‍സില്‍ അറിയിച്ചു.