ചെന്നൈ: 2021 ഫെബ്രുവരി മുതൽ മെയ് വരെ 1,300 ഓളം ബാങ്ക് ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ച് മരണമടഞ്ഞതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം അറിയിച്ചു. ഫെബ്രുവരിയിൽ മാത്രം കൊവിഡ് മൂലമുള്ള ഉദ്യോഗസ്ഥരുടെ മരണം 600 ഓളം ആണെന്നും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇത് 700 മുതൽ 1300 വരെയായി ഉയർന്നതായും ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐബിഎ) ചീഫ് എക്‌സിക്യൂട്ടീവ് സുനിൽ മേത്തയ്ക്ക് അയച്ച കത്തിൽ പറയുന്നു.
മുൻനിര തൊഴിലാളികളിൽ ഉൾപ്പെടുത്തി ബാങ്ക് ജീവനക്കാർക്ക് മുൻഗണന വാക്‌സിനേഷൻ നൽകണമെന്ന ആവശ്യം സർക്കാർ ഗൗരവമായി എടുത്തില്ല. ഈ മഹാമാരി കാലത്തും എല്ലാ അപകടസാധ്യതകളും മുന്നിൽ കണ്ടുകൊണ്ട് ബാങ്ക് ജീവനക്കാർ ജനങ്ങളെ സേവിക്കുന്നു. എന്നാൽ സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്നും വെങ്കടാചലം പറഞ്ഞു. കർഫ്യൂ, ലോക്ക്‌ഡൗൺ, പൊതുഗതാഗതം പിൻവലിക്കൽ തുടങ്ങി വിവിധ സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ബാങ്ക് ജീവനക്കാർ തങ്ങളുടെ ബ്രാഞ്ചുകളിലേക്കും ഓഫീസുകളിലേക്കും യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു. കൂടാതെ നിരവധി ജീവനക്കാർക്ക് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും അപമാനവും മോശം പെരുമാറ്റവും നേരിടേണ്ടി വന്ന സാഹചര്യങ്ങളും ഉണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.