കൊല്‍ക്കത്ത :കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കാന്‍ അനുമതി തേടിയ ഹര്‍ജിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. ബലാത്സംഗത്തിനിരയായ 11 കാരിയുടെ 24 ആഴ്‌ചയില്‍ കൂടുതല്‍ പ്രായമുള്ള ഭ്രൂണം ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടിയ ഹര്‍ജിയിലാണ് 24 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ ബോര്‍ഡ് വിളിച്ചുചേര്‍ക്കാന്‍ ജസ്‌റ്റിസ് സബ്യസാചി ഭട്ടാചാര്യ ഉത്തരവിട്ടത്. ഇതുപ്രകാരം ഈസ്‌റ്റ് മിദൻപൂരിലെ സിഎംഒഎച്ചിനും താലൂക്ക് മെഡിക്കല്‍ ഹോസ്‌പിറ്റല്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബലാത്സംഗത്തിനിരയായ ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്‌ചയാണ് (16.08.2023) പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഇതോടെ ഇവര്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ അറിയിച്ചതോടെ ജഡ്‌ജി ഇത് അനുവദിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ വാദം ആരംഭിക്കുകയും ചെയ്‌തു.
കോടതിയുടെ നിര്‍ദേശം:1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്‌ടിലെ വകുപ്പ് മൂന്ന്, 24 ആഴ്‌ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം തടയുന്നുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭാവിയില്‍ കോടതിക്ക് ആശങ്കയുമുണ്ട്. പെണ്‍കുട്ടിക്ക് 11 വയസ് മാത്രമേ ഉള്ളൂ. അവരുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി അത്ര ഭദ്രമല്ലെന്നും വാദം കേട്ടതിന് ശേഷം ജസ്‌റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു. തുടര്‍ന്നാണ് അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഇതുപ്രകാരം ഓഗസ്‌റ്റ് 21ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
Also read: Gang rape| ഭര്‍ത്താവിനെ ബന്ധനസ്ഥനാക്കി ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; ഫാക്‌ടറി ഉടമ അറസ്റ്റില്‍
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് പെണ്‍കുട്ടി പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. മാസങ്ങളോളമുള്ള ശാരീരിക പീഡനത്തിന്‍റെ ഫലമായി പെണ്‍കുട്ടി ഗർഭിണിയുമായി. കുട്ടി അസുഖബാധിതയും ക്ഷീണിതയുമായതോടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. മാത്രമല്ല ഈ പ്രായത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ ശാരീരികമായും മാനസികമായും പെണ്‍കുട്ടി ശക്തയല്ലെന്നും, കുഞ്ഞിന്‍റെ ഭാരം കുറവാണെന്നും മെഡിക്കൽ റിപ്പോർട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.
എന്തുകൊണ്ട് അനുമതി:രാജ്യത്തെ നിലനില്‍ക്കുന്ന നിയമമനുസരിച്ച് ഒരു സ്‌ത്രീ, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബം എന്നിവര്‍ക്ക് ഡോക്‌ടറുടെ ഉപദേശം അനുസരിച്ച് 20 ആഴ്ച വരെ ഗർഭച്ഛിദ്രം നടത്താം. ചില പ്രത്യേക കേസുകളിൽ ഇത് 24 ആഴ്ച വരെ നീട്ടാം. അതില്‍ കൂടുതലാണെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് ഹൈക്കോടതിയുടേയോ സുപ്രീംകോടതിയുടേയോ അനുമതി ആവശ്യമാണ്.
അതേസമയം ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും ഇതിന് അവകാശമുണ്ടെന്നും സുപ്രീംകോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഗര്‍ഭച്ഛിദ്രം സ്വന്തം നിലയ്ക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാമെന്നും ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും കോടതി അറിയിച്ചിരുന്നു. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധിയില്‍ വ്യക്തമാക്കിയിരുന്നു.
Also Read: Gang rape | കളിക്കാൻ മൊബൈൽ ഫോണും കഴിക്കാൻ സമൂസയും തരാമെന്ന് പറഞ്ഞു; കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കി അയൽവാസിയും മകനും