ജയ്‌പൂര്‍ (രാജസ്ഥാന്‍): മോചനദ്രവ്യം നല്‍കാത്തതിന് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളി അക്രമികള്‍. ജയ്‌പൂരിലെ സംഗനർ മേഖലയിലാണ് തട്ടിക്കൊണ്ടുപോയ യുവാവിനെ മടക്കി അയക്കാന്‍ ഒരു കോടി രൂപ അക്രമികള്‍ ആവശ്യപ്പെടുന്നതും ഇത് ബന്ധുക്കള്‍ നിരസിച്ചതോടെ കൊലപാതകത്തില്‍ കലാശിക്കുന്നതും. അതേസമയം സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
സംഭവം ഇങ്ങനെ: സരസ് ഡയറിയില്‍ കമ്പ്യൂട്ടര്‍ ഓപറേറ്ററായി ജോലി ചെയ്‌തുവന്നിരുന്ന ഹനുമാന്‍ മീണയാണ് കൊലപ്പെട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ദിവസവും പതിവുപോലെ പകല്‍ ജോലി സ്ഥലത്തേക്ക് പോയ മീണ രാത്രി ഏറെ വൈകിയും തിരിച്ചുവന്നില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഹനുമാന്‍ മീണയ്‌ക്കായി ബന്ധുക്കള്‍ തെരച്ചില്‍ ആരംഭിച്ചു. ഈ സമയം സംഗനർ പുലിയയ്‌ക്ക് സമീപത്ത് വച്ച് മീണയുടെ ബൈക്ക് ബന്ധുക്കള്‍ കണ്ടെടുത്തു. വല്ല അപകടവും സംഭവിച്ചതാവുമെന്ന് കരുതി സമീപത്തെ ആശുപത്രിയിലേക്ക് നീങ്ങവെയാണ് ഇവര്‍ക്ക് ഹനുമാന്‍ മീണയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീഡിയോ കോള്‍ എത്തുന്നത്. എന്നാല്‍ മീണയ്‌ക്ക് പകരം മറുതലയ്‌ക്കല്‍ അക്രമികളായിരുന്നു.
Also Read: 10ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; സുഹൃത്ത് കാറില്‍ കയറ്റിയത് വീട്ടിലാക്കാമെന്ന വ്യാജേന
പൊലീസ് ഇടപെട്ടത് വിനയായി:ഫോണ്‍കോളില്‍ കൈകാലുകള്‍ ബന്ധിച്ച നിലയിലുള്ള ഹനുമാന്‍ മീണയെ കാണിച്ച ശേഷം ഇവര്‍ ബന്ധുക്കളോട് ഒരു കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. സംഭവം പൊലീസിനെ അറിയിച്ചാല്‍ മീണയുടെ ജീവന്‍ അപകടത്തിലാകുമെന്നും അക്രമികള്‍ അറിയിച്ചു. പണം കൈമാറാനുള്ള അവസാന തിയതി മെയ് അഞ്ചാണെന്നും ഇവര്‍ ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ മകനെ എത്രയും വേഗം മോചിപ്പിക്കുന്നതിനായി ഹനുമാന്‍ മീണയുടെ പിതാവ് പൊലീസിനെ സമീപിച്ചു. ഇവര്‍ നല്‍കിയ പരാതിയില്‍ സംഗനർ പൊലീസ് കേസും രജിസ്‌റ്റര്‍ ചെയ്‌തു. അതേസമയം സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിച്ചത് മനസിലാക്കിയ അക്രമി സംഘം, മറിച്ചൊന്നും ചിന്തിക്കാതെ ഇയാളെ കൊലപ്പെടുത്തി മൃതദേഹം ദ്രവ്യാവതി നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി എസ്എംഎസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സംഗനർ പൊലീസ് സ്‌റ്റേഷന്‍ ഓഫിസർ മഹേന്ദ്ര സിങ് യാദവ് അറിയിച്ചു. മെഡിക്കൽ ബോർഡാണ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹനുമാന്‍ മീണയുടെ ഇളയ സഹോദരനും പിതാവുമാണ് തങ്ങളുടെ അടുത്ത ലക്ഷ്യങ്ങളെന്നറിയിച്ച് അക്രമികള്‍ ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്.
അടുത്തിടെ മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഘൻസവാങ്കി തഹസില്‍ ഗ്രാമത്തിലെ 15 കാരനായ അനികേത് ഘുഗെയെ അക്രമി സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മഹാദേവ് ഷിൻഡെ(19), ആകാശ് ഷിൻഡെ(19) എന്നീ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അനികേതിനെ തട്ടികൊണ്ടുപോയ ദിവസം രാത്രി ഏറെ വൈകി അക്രമികളെ പൊലീസ് റോഡില്‍ വച്ച് കണ്ടതും വിശദമായ ചോദ്യം ചെയ്യലിലുമാണ് പ്രതികള്‍ക്ക് പിടിവീഴുന്നത്.
Also Read: 15കാരനെ തട്ടിക്കൊണ്ടുപോയത് മോചനദ്രവ്യം ആവശ്യപ്പെടാന്‍,തുടര്‍ന്ന് കൊലപ്പെടുത്തി ; 19കാരായ 2 പേര്‍ പിടിയില്‍