ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിയുടെ ഷെല്ലി ഒബ്‌റോയ്‌ക്ക് വിജയം. ബിജെപിയുടെ രേഖ ഗുപ്‌തയെ 34 വോട്ടിന് പരാജയപ്പെടുത്തിയാണ് ഷെല്ലി ഒബ്‌റോയ് ഡൽഹി മേയറായത്. ആകെ പോൾ ചെയ്‌ത 266 വോട്ടുകളിൽ ഒബ്‌റോയ് 150 വോട്ടുകൾ നേടിയപ്പോൾ ഗുപ്‌തയ്ക്ക് 116 വോട്ടുകൾ ലഭിച്ചു. സിവിക് സെന്‍ററിലാണ് വോട്ടെടുപ്പ് നടന്നത്.
നേരത്തെ മൂന്ന് തവണ കൗണ്‍സിൽ യോഗം ചേർന്നിട്ടും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് മേയർ തെരഞ്ഞെടുപ്പ് നടത്താനായിരുന്നില്ല. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ നാമനിർദേശം ചെയ്‌ത 10 അംഗങ്ങൾ വോട്ട് ചെയ്യുന്നതിനെ ആം ആദ്‌മി പാർട്ടി എതിർത്തതാണ് തർക്കങ്ങൾക്ക് കാരണം.
തുടർന്ന് ആം ആദ്‌മി പാർട്ടി സുപ്രീം കോടതിയെ സമീപിക്കുകയും നാമനിർദേശം ചെയ്‌ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കുകയുമായിരുന്നു. പിന്നാലെ മേയർ തെരഞ്ഞെടുപ്പ് നടത്താൻ കൗണ്‍സിൽ യോഗം ചേരാൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന അനുമതി നൽകുകയായിരുന്നു.
വിജയത്തിന് പിന്നാലെ ഒബ്‌റോയിയേയും പാർട്ടി പ്രവർത്തകരെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിനന്ദിച്ചു. 'ഗുണ്ടകൾ തോറ്റു, പൊതുജനം വിജയിച്ചു, ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്‌മി പാർട്ടി സ്ഥാനാർഥി മേയർ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. ഒരിക്കൽ കൂടി ഡൽഹിയിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. എഎപിയുടെ ആദ്യ മേയർ ഷെല്ലി ഒബ്റോയ്‌ക്ക് അഭിനന്ദനങ്ങൾ', അദ്ദേഹം ട്വീറ്റ് ചെയ്‌തു.