അഹമ്മദാബാദ്:ദേശീയ പാര്‍ട്ടിയെന്ന സ്വപ്‌നവുമായാണ് ഇത്തവണത്തെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി ജനവിധി തേടുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള പാര്‍ട്ടിക്ക് ദേശീയ പദവിയിലേയ്ക്ക് ഉയരണമെങ്കില്‍ ഇത്തവണത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ട് വിഹിതം നേടണം. ബിജെപിയേയും കോണ്‍ഗ്രസിനെയും പോലെ തന്നെ ആം ആദ്‌മിക്കും ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് മാസക്കാലം വന്‍ പ്രചാരണമാണ് ആം ആദ്‌മി പാര്‍ട്ടി നടത്തുന്നത്. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ സംസ്ഥാന ചുമതലയുള്ള എംപി രാഘവ് ചദ്ദ ഉള്‍പ്പെടെയുള്ളവർ പ്രചാരണത്തിന് നേരിട്ടിറങ്ങി.
20 വര്‍ഷമായി അധികാരത്തിലുള്ള ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് പുറമെ ആം ആദ്‌മി കൂടി രംഗത്തിറങ്ങിയതോടെ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ആം ആദ്‌മിയുടെ വരവോടെ കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം ഇടിയുമെന്നും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും വിലയിരുത്തലുകളുണ്ട്.
ദേശീയ പാര്‍ട്ടിയാകുമോ ആപ്പ്?: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ട് അല്ലെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലിലധികം സീറ്റുകള്‍ അല്ലെങ്കില്‍ രണ്ട് ശതമാനം വോട്ട് വിഹിതം അല്ലെങ്കില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുക തുടങ്ങിയ കടമ്പകളാണ് ആം ആദ്‌മി പാർട്ടിക്ക് മുന്നിലുള്ളത്.
2013ലെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 28 സീറ്റുകളില്‍ വിജയിച്ചാണ് ആം ആദ്‌മി വരവറിയിച്ചത്. 2015ല്‍ 67 സീറ്റുകള്‍ തൂത്തുവാരിയ പാര്‍ട്ടി, ദീര്‍ഘനാള്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ താഴെയിറക്കുകയും ചെയ്‌തു. പിന്നീട് 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും സീറ്റുകളുടെ എണ്ണം 62 ആയി കുറഞ്ഞു. 2017ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ 112 സീറ്റുകളില്‍ 20 സീറ്റുകള്‍ മാത്രമെ നേടാനായുള്ളുവെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ല്‍ 92 മണ്ഡലങ്ങള്‍ പിടിച്ചെടുത്ത് സംസ്ഥാനത്ത് ഭരണം പിടിച്ചെടുത്തു.
പാർട്ടിക്ക് മുന്നിലെ കടമ്പകള്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ട് വിഹിതം നേടുകയെന്നത് എഎപിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ലമെന്ന് മുതിർന്ന മാധ്യമപ്രവര്‍ത്തകനും രാഷ്‌ട്രീയ വിശകലന വിദഗ്‌ധനുമായ ഹരേഷ് ജാല പറയുന്നു. 'സൗജന്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ആം ആദ്‌മി വോട്ടര്‍മാരെ സമീപിക്കുന്നത്. വികസനവും പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നു.
ഈ തെരഞ്ഞെടുപ്പ് ഗിമ്മിക്കുകള്‍ എത്രത്തോളം വോട്ടുകളാകുമെന്ന് കാത്തിരുന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ട് വിഹിതം പാര്‍ട്ടിക്ക് എളുപ്പത്തില്‍ നേടാനാകുമെന്ന് രാഷ്‌ട്രീയ വിശകലന വിദഗ്‌ധന്‍ പാലാ വാരു അഭിപ്രായപ്പെട്ടു. ''ഡല്‍ഹി, പഞ്ചാബ്, ഗോവ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങള്‍ക്ക് ശേഷം ആം ആദ്‌മി ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയാണ്.
ഗുജറാത്തില്‍ പാര്‍ട്ടിക്ക് ആറ് ശതമാനം വോട്ട് വിഹിതം എളുപ്പത്തില്‍ നേടാനാകും. യുപി, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. ഗുജറാത്തില്‍ ആറ് ശതമാനം വോട്ട് വിഹിതം നേടി ദേശീയ പാര്‍ട്ടിയാകാനായാല്‍ 2024 ലോക്‌ഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടം കൊയ്യാനാകും. അതോടെ അവഗണിക്കാനാകാത്ത പ്രതിപക്ഷ ശക്തിയായി മാറാന്‍ ആം ആദ്‌മി പാർട്ടിക്ക് സാധിക്കും,'' പാലാ വാരു വ്യക്തമാക്കി.