ന്യൂഡൽഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടം എഎപിയും ബിജെപിയും തമ്മിലായിരിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സ്വന്തം വസതിയിൽ ഉൾപ്പെടെ സിബിഐ നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് സിസോദിയയുടെ പ്രതികരണം. തനിക്കെതിരായ റെയ്‌ഡുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും ഡൽഹി എക്‌സൈസ് നയത്തിലെ ലംഘനങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സിസോദിയ വ്യക്‌തമാക്കി.
അടുത്ത 3-4 ദിവസത്തിനുള്ളിൽ സിബിഐ-ഇഡി ഏജൻസികൾ എന്നെ അറസ്റ്റ് ചെയ്‌തേക്കാം. ഞങ്ങൾ ഭയപ്പെടില്ല, നിങ്ങൾക്ക് ഞങ്ങളെ തകർക്കാൻ കഴിയില്ല. 2024ലെ തെരഞ്ഞെടുപ്പ് എഎപിയും ബിജെപിയും തമ്മിലായിരിക്കും. എക്‌സൈസ് കുംഭകോണമല്ല, അരവിന്ദ് കെജ്‌രിവാളാണ് അവരുടെ പ്രശ്‌നം. എനിക്കെതിരായുള്ള റെയ്‌ഡുകളും നടപടികളും അരവിന്ദ് കെജ്‌രിവാളിനെ തടയാനാണ്. ഒരുതരത്തിലുള്ള അഴിമതിയും ഞാൻ നടത്തിയിട്ടില്ല, സിസോദിയ പറഞ്ഞു.
മോദി vs കെജ്‌രിവാൾ: 2024ലെ പോരാട്ടം മോദിയും കെജ്‌രിവാളും തമ്മിലായിരിക്കും. ഞങ്ങൾ പോരാടും. നിങ്ങൾക്ക് കെജ്‌രിവാളിനേയോ ഞങ്ങളുടെ വിദ്യാഭ്യാസ ആരോഗ്യ നയത്തേയോ തടയാൻ കഴിയില്ല. ഞങ്ങളുടെ വിദ്യാഭ്യാസ മന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാം. പക്ഷേ ഡൽഹിയിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടയിടാൻ നിങ്ങൾക്കാവില്ല, സിസോദിയ കൂട്ടിച്ചേർത്തു.
ഇന്ന്(20.08.2022) രാവിലെ സിബിഐ സംഘം എന്‍റെ വീട്ടിൽ എത്തി. അവർ 14 മണിക്കൂറോളം എന്‍റെ വീട് പരിശോധിച്ചു. വീട്ടിൽ നിന്ന് എന്‍റെ കമ്പ്യൂട്ടറും ഫോണും പിടിച്ചെടുത്തു. എന്‍റെ കുടുംബം പൂർണമായും റെയ്‌ഡിനോട് സഹകരിച്ചു. തുടർന്നും സഹകരിക്കും. ഞങ്ങൾ അഴിമതിയോ മറ്റ് തെറ്റുകളോ ഒന്നും തന്നെ ചെയ്‌തിട്ടില്ല. അതിനാൽ തന്നെ ഭയപ്പെടേണ്ട ആവശ്യവുമില്ല. സിബിഐയെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണ്, സിസോദിയ പറഞ്ഞു.
ഡൽഹിയിലെ മദ്യനയമാണ് വിവാദങ്ങൾ സൃഷ്‌ടിക്കുന്നത്. എന്നാൽ മദ്യനയം തികച്ചും സുതാര്യവും സത്യസന്ധവുമായിരുന്നു. മുന്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ (അനില്‍ ബൈജാല്‍) അതിനെ പരാജയപ്പെടുത്താൻ ശ്രമിച്ചു. അദ്ദേഹം അതിനെതിരെ ഗൂഢാലോചനയ്‌ക്ക് മുതിര്‍ന്നിരുന്നില്ലെങ്കില്‍ മദ്യനയത്തിലൂടെ സര്‍ക്കാരിന് 10,000 കോടി രൂപ വാര്‍ഷിക വരുമാനം ലഭിക്കുമായിരുന്നു. സിസോദിയ കൂട്ടിച്ചേർത്തു.