ന്യൂഡല്‍ഹി: ഗുജറാത്തില്‍ ആം ആദ്‌മി പാര്‍ട്ടി (എഎപി) കൊള്ളയടിക്കാരന്‍റെ വേഷത്തിലെത്തിയെന്ന് രൂക്ഷമായി വിമര്‍ശനമുന്നയിച്ച് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഡല്‍ഹിക്ക് പുറത്ത് ഹരിയാനയിലും പഞ്ചാബിലുമൊഴികെ എഎപിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനാകില്ലെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസിന് പഠിക്കേണ്ട പാഠങ്ങളുണ്ടെന്നും ചിദംബരം പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി ഇതര മുന്നണി കെട്ടിപ്പടുക്കാൻ കോണ്‍ഗ്രസ് തന്നെയാണ് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇത് ആദ്യമല്ല: മുമ്പ് ഗോവയിലും ഉത്തരാഖണ്ഡിലും ചെയ്‌തതുപോലെ ഗുജറാത്തിലും എഎപി കൊള്ളയടിക്കാരന്‍റെ വേഷം ചെയ്‌തു. ഇതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ സാധ്യതകളെ എഎപി 33 സീറ്റുകളില്‍ ഇടിച്ചിട്ടു. ഹരിയാനയിലും പഞ്ചാബിലും ഒഴികെ ഡൽഹിക്ക് പുറത്ത് ആം ആദ്‌മി പാർട്ടിക്ക് കൂടുതൽ ആകർഷണീയതയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ മുന്നോട്ടുപോകുമ്പോള്‍ എഎപി തന്നെ ഇത് കണ്ടെത്തുമെന്നും ചിദംബരം പറഞ്ഞു. ദേശീയ പാർട്ടി എന്ന ലേബലിന് എഎപി യോഗ്യത നേടിയിട്ടുണ്ടോ എന്നത് പ്രാധാന്യമര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ജി' തോല്‍വിയും കാണണം: അതേസമയം ഗുജറാത്ത്, ഹിമാചൽ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പുകളെയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തെരഞ്ഞെടുപ്പുകളെക്കുറിച്ചും ചിദംബരം വിലയിരുത്തി. മൂന്നിടങ്ങളിലും അധികാരത്തിലുണ്ടെങ്കിലും രണ്ടിടത്ത് പരാജയപ്പെട്ടുവെന്ന വസ്‌തുത പ്രധാനമന്ത്രി നരേന്ദ്ര മോദി ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വിജയം കൊണ്ട് ഹിമാചൽ പ്രദേശിലും എംസിഡിയിലും ബിജെപി പരാജയപ്പെട്ടുവെന്ന വസ്‌തുത മറച്ചുവയ്‌ക്കാനാകില്ല. ഹിമാചലിൽ കോൺഗ്രസും എംസിഡി തെരഞ്ഞെടുപ്പിൽ എഎപിയും നിർണായക സീറ്റുകളുടെ വ്യത്യാസത്തിൽ തന്നെ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.