ന്യൂഡല്‍ഹി:ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്‌രിവാളും പിണറായി വിജയനും ഉള്‍പ്പടെ ഇന്ത്യ മുന്നണിയിലെ ഉന്നത നേതാക്കളുടെ അറസ്‌റ്റ് ഉണ്ടായേക്കാമെന്നറിയിച്ച് ആം ആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ. ബിജെപിയുടെ പദ്ധതി പ്രകാരമുള്ള ഈ അറസ്‌റ്റുകളില്‍ ആദ്യമുണ്ടാവുക ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെയാവുമെന്നും അദ്ദേഹം ആരോപിച്ചു. 2014 മുതല്‍ അന്വേഷണ ഏജന്‍സികള്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ മുന്നണിയുടെ രൂപീകരണത്തോടെ ബിജെപി അങ്കലാപ്പിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ മുന്നണിയിലെ ഉന്നത നേതാക്കളെ ലക്ഷ്യം വച്ചുകൊണ്ട് അവര്‍ ഒരു പദ്ധതി തയ്യാറാക്കിയതായാണ് ഞങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും അറിഞ്ഞത്. ഈ പദ്ധതി പ്രകാരം ആദ്യ അറസ്‌റ്റ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റേതായിരിക്കുമെന്ന് രാഘവ് ഛദ്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വരാനിരിക്കുന്നത് അറസ്‌റ്റ് പരമ്പര:ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിലും തോല്‍ക്കുമെന്ന് ബിജെപിക്ക് അറിയാം. തെരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കാതിരിക്കാന്‍ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്യാനാണ് ബിജെപി ആലോചിക്കുന്നതെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. മാത്രമല്ല അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നതായി അവകാശപ്പെടുന്നവരുടെ പട്ടികയും അദ്ദേഹം പുറത്തുവിട്ടു.
കെജ്‌രിവാളിന് ശേഷം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയാണ് അവര്‍ അറസ്‌റ്റ് ചെയ്യുക. പിന്നാലെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അവരുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെയും അറസ്‌റ്റ് ചെയ്യും. ഈ നേതാക്കള്‍ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും തുടര്‍ന്ന് മഹാരാഷ്‌ട്രയിലെ എന്‍സിപിയിലെയും ശിവസേനയിലെയും ഉന്നത നേതാക്കളെയും അവര്‍ ലക്ഷ്യം വയ്‌ക്കുന്നതായും രാഘവ് ഛദ്ദ ആരോപിച്ചു.