ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ആം ആദ്‌മി പാര്‍ട്ടി (എഎപി). പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ അവ വ്യാജമാണെന്ന് തെളിയുമെന്ന് എഎപി കുറ്റപ്പെടുത്തി. വിഷയത്തില്‍ ഏഴു വര്‍ഷം പഴക്കമുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കുകയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ വിധിക്കുകയും ചെയ്‌ത ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് എഎപി സ്വരം കടുപ്പിക്കുന്നത്.
പ്രധാനമന്ത്രി രാജ്യത്തിന് മുന്നില്‍ സത്യം തുറന്നുപറയണമെന്നറിയിച്ച് എഎപി വക്താവും രാജ്യസഭ എംപിയുമായ സഞ്‌ജയ് സിങും രംഗത്തെത്തി. തന്‍റെ ബിരുദങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ, അദ്ദേഹത്തിന്‍റെ ലോക്‌സഭ അംഗത്വം നഷ്‌ടപ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ തെറ്റായ വിവരം നല്‍കിയതിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല പ്രധാനമന്ത്രിയുടെ ബിരുദപ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതോടെ അത് വ്യാജമല്ലെന്ന് തെളിയിക്കാൻ ബിജെപിയുടെ എല്ലാ മന്ത്രിമാരും വക്താക്കളും നെട്ടോട്ടമോടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഴകീറിയുള്ള ചോദ്യങ്ങള്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായി ഗുജറാത്ത് സര്‍വകലാശാല നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടി അത് വ്യാജമാണെന്നും സഞ്‌ജയ് സിങ് അറിയിച്ചു. സര്‍ട്ടിഫിക്കറ്റില്‍ യൂണിവേഴ്‌സിറ്റി എന്നുള്ളത് 'യൂണിബെര്‍സിറ്റി' എന്നാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രേഖയില്‍ മാസ്‌റ്റര്‍ ഓഫ് ആര്‍ട്‌സ് എന്നുള്ളതിലെ വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് 1983 ലാണ് അദ്ദേഹം മാസ്‌റ്റര്‍ ഡിഗ്രി നേടുന്നത്. എന്നാല്‍ പുറത്തുവിട്ട രേഖയില്‍ 'മാസ്‌റ്റര്‍ ഓഫ് ആര്‍ട്‌സ്' എന്ന് എഴുതിയിട്ടുള്ള ഫോണ്ട് 1992ലേതാണെന്നും അദ്ദേഹം വ്യക്തമാക്കി.