ലാൽ സിങ് ചദ്ദയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടുപോയത് ഒരുതരത്തിൽ അനുഗ്രഹമായെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. അല്ലാത്തപക്ഷം ഈ വർഷം ഏപ്രിലിൽ റിലീസായ കന്നട ചിത്രം കെജിഎഫ്:2നൊപ്പം റിലീസ് ചെയ്യേണ്ടിവരുമായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടുപോയതിനാൽ കെജിഎഫുമായി ബോക്‌സ്ഓഫിസിൽ ഉണ്ടാകുമായിരുന്ന ഏറ്റുമുട്ടൽ ഒഴിവായെന്നും അതിൽ സന്തോഷമുണ്ടെന്നും ആമിർ ഖാൻ പറഞ്ഞു.
കെജിഎഫ് 2ന്‍റെ റിലീസ് സമയത്ത് തന്‍റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള ഹിന്ദി പ്രേക്ഷകർക്കിടയിൽ വലിയ ആവേശമായിരുന്നു. ലാൽ സിങ് ചദ്ദയുടെ റിലീസും അതേ ദിവസമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ഇഫക്‌ട് ചെയ്യുന്നതിൽ റെഡ് ചില്ലീസിനുണ്ടായ കാലതാമസം കാരണം അത് നടക്കാതെ പോയതിനാൽ ഞങ്ങൾ രക്ഷപ്പെട്ടുവെന്നും ആമിർ ഖാൻ പറഞ്ഞു.
പുഷ്‌പ, ആർആർആർ, കെജിഎഫ്: 2 തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ പാൻ ഇന്ത്യൻ തലത്തിൽ പ്രേക്ഷകപ്രീതി നേടുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ആമിർ ഖാൻ. ഒരു സംസ്ഥാനത്തെ ചിത്രം രാജ്യത്താകെയുള്ള പ്രേക്ഷകർക്ക് സന്തോഷവും വിനോദവും നൽകാനാകുമെന്നത് അത്ഭുതകരമാണ്. അങ്ങനെ സംഭവിക്കുമ്പോൾ ഞങ്ങൾക്കും അതൊരു ആഘോഷമാണെന്ന് ആമിർ ഖാൻ പറഞ്ഞു.