ന്യൂഡല്‍ഹി: കേരളത്തിലെ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്നതിനും താഴെത്തട്ടില്‍ പാർട്ടി ശക്തിപ്പെടുത്തുന്നതിനുമായി ആം ആദ്‌മി പാർട്ടിയുടെ സംസ്ഥാന കേഡർമാരുടെ യോഗം ഡല്‍ഹിയില്‍ നടന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റം നടത്താൻ ആവശ്യമായ ചർച്ചകളും യോഗത്തിലുണ്ടായെന്നാണ് സൂചന. ആംആദ്‌മി നാഷണല്‍ ഓർഗനൈഷൻ ജനറല്‍ സെക്രട്ടറിയും രാജ്യസഭ എംപിയുമായ ഡോ. സന്ദീപ് പഥക് യോഗത്തില്‍ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട പാർട്ടി പരിപാടികൾ വിശദീകരിച്ചു.
'വ്യക്തിതാല്‍പര്യങ്ങൾക്ക് ഇടമില്ല':സ്ഥാനങ്ങൾക്ക് വേണ്ടിയും സ്വാർഥ താല്‍പര്യങ്ങൾക്ക് വേണ്ടിയും വരുന്നവർക്ക് ആം ആദ്‌മി പാർട്ടിയില്‍ ഇടമില്ലെന്നും കേരളത്തിലും ഒഡിഷയിലും ജനങ്ങൾക്ക് ഇടയില്‍ താഴെത്തട്ടില്‍ പ്രവർത്തിക്കാൻ കഴിയുന്നവർക്ക് മാത്രമാണ് പാർട്ടിയില്‍ സ്ഥാനമെന്നും ഡോ സന്ദീപ് പഥക് എംപി യോഗത്തില്‍ വ്യക്തമാക്കി. പാർട്ടി പ്രവർത്തകർക്കിടയില്‍ സൗഹൃദവും ജനങ്ങൾക്ക് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാനുള്ള മനസുമാണ് വേണ്ടത്. താഴെത്തട്ടില്‍ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആദ്യം തുടങ്ങേണ്ടതെന്നും സന്ദീപ് പഥക് യോഗത്തില്‍ പറഞ്ഞു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാർട്ടി നേടിയ മികച്ച മുന്നേറ്റം എല്ലാ പാർട്ടി പ്രവർത്തകരും ആവേശത്തോടെ കാണണമെന്നും ജനങ്ങൾക്കിടയില്‍ പ്രവർത്തിച്ച് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കിയാല്‍ കേരളത്തിലും ഒഡിഷയിലും ജനങ്ങളുടെ അംഗീകാരം നേടാൻ കഴിയുമെന്നും സന്ദീപ് പഥക് യോഗത്തില്‍ വ്യക്തമാക്കി. ആംആദ്‌മി പാർട്ടിയുടെ കേരളത്തിന്‍റെ ചുമതലയുള്ള എൻ രാജ, ഒഡിഷയുടെ ചുമതലയുള്ള ആം ആദ്‌മി നേതാവ് വിരേന്ദർ കട്യാൻ, നിഷികാന്ത് മഹാപാത്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
'ദേശീയ പാർട്ടിയെന്ന പേര്':ഡല്‍ഹിക്ക് പുറത്ത് പഞ്ചാബില്‍ അധികാരത്തിലെത്തിയതും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സൃഷ്‌ടിച്ച മികച്ച മുന്നേറ്റവും ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ അധികാരത്തില്‍ എത്തിയതുമാണ് ആം ആദ്‌മി പാർട്ടിയെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും ബദലായി ഒരു ദേശീയ പാർട്ടിയെന്ന ലേബല്‍ സൃഷ്‌ടിക്കാൻ കഴിഞ്ഞതും ആം ആദ്‌മി പാർട്ടിക്ക് കേരളത്തിലെ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാൻ സഹായകമാകും. വരാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാനായാല്‍ അതും അവർക്ക് മുതല്‍ക്കൂട്ടാകും.