ഡല്‍ഹി : ഏകീകൃത സിവില്‍ കോഡ്(ucc) രാജ്യത്ത് നടപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയറിയിച്ച് ആം ആദ്‌മി പാര്‍ട്ടി(Aam Aadmi party). ഇന്ത്യന്‍ ഭരണഘടനയുടെ(indian constitution) അനുച്ഛേദം 44ല്‍ ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് നടപ്പിലാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ച ആവശ്യമാണെന്നും എഎപിയുടെ രാജ്യസഭ എംപിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സന്ദീപ് പഥക്(sandeep pathak) മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ എഎപിയുടെ പരമാര്‍ശം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തുറന്ന ചര്‍ച്ചയ്‌ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്.
എഎപി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്‍റെ(arvind kejriwal) യഥാര്‍ഥ മുഖമാണ് ഇതിലൂടെ പ്രകടമായതെന്ന് ശിരോമണി അകാലിദള്‍ നേതാവ് ഡോ. ദല്‍ജിത്ത് സിങ് ചീമ പറഞ്ഞു. ഭരണഘടന രൂപീകരിക്കുമ്പോള്‍, ഏകീകൃത സിവില്‍ കോഡ് സംസ്ഥാന നയത്തിന്‍റെ നിര്‍ദേശക തത്വങ്ങളിലായിരുന്നു, അല്ലാതെ മൗലിക അവകാശങ്ങളില്‍ ആയിരുന്നില്ല. രാജ്യത്തിന് ഏകീകൃത ക്രിമിനല്‍ നിയമങ്ങള്‍ ഉള്ളപ്പോള്‍ വ്യത്യസ്‌ത സമുദായങ്ങള്‍ക്കായി വ്യക്തിനിയമങ്ങള്‍ തയ്യാറാക്കിയത് ഏവരെയും ഒരുമിച്ചുചേര്‍ക്കാന്‍ വേണ്ടിയാണെന്നും അകാലിദള്‍ നേതാവ് അഭിപ്രായപ്പെട്ടു.
യുയുസി വീണ്ടും ഉയര്‍ത്തി പ്രധാനമന്ത്രി : ഭോപ്പാലിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് വീണ്ടും പരമാര്‍ശിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് വലിയ ചര്‍ച്ചയും എഎപിയുടെ പിന്തുണയും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഏകീകൃത സിവില്‍ കോഡിനെ ചര്‍ച്ചാവിഷയമാക്കി പ്രധാന മന്ത്രി മുഖ്യധാരയിലേയ്‌ക്ക് ഉയര്‍ത്തിയത്. ഇന്ത്യന്‍ ഭരണഘടന എല്ലാവരുടെയും തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രണ്ട് നിയമങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ നയിക്കാനാവില്ലെന്ന് പ്രധാന മന്ത്രി വ്യക്തമാക്കിയിരുന്നു.