ന്യൂഡൽഹി: ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ് പിന്തുണ അറിയിച്ചതോടെ ബെംഗളൂരുവിൽ നടക്കുന്ന രണ്ടാം പ്രതിപക്ഷ ഐക്യസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ആം ആദ്‌മി പാർട്ടി. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം പ്രതിപക്ഷ ഐക്യസമ്മേളനം നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് പ്രതിപക്ഷ നിര ശക്തമാക്കുന്ന എഎപിയുടെ തീരുമാനം. ഡൽഹിയിലെ സേവനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഓർഡിനൻസിനെ എതിര്‍ക്കുമെന്ന് ഇന്നലെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് എഎപിയുടെ മനംമാറ്റം.
ഇതോടെ, ആം ആദ്‌മി പാർട്ടിയ്‌ക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്നതില്‍ വ്യക്തത വന്നു. വിഷത്തിൽ കോൺഗ്രസിന്‍റെ നിലപാട് സംബന്ധിച്ച് ആഴ്‌ചകളായി നീണ്ടുനിന്ന ഊഹാപോഹങ്ങൾക്കും ഇതോടെ അന്ത്യമായി. നാളെ (ജൂലൈ 17) ബെംഗളൂരുവിലാണ് കേന്ദ്ര സർക്കാരിനും ബിജെപിയ്‌ക്കും എതിരായ പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം ഐക്യസമ്മേളനം നടക്കുന്നത്. ഡൽഹി ഓർഡിനൻസിനെ പാർലമെന്‍റിൽ കോൺഗ്രസ് പിന്തുണച്ചാൽ മാത്രമേ യോഗത്തിൽ പങ്കെടുക്കൂവെന്ന് ആം ആദ്‌മി പാർട്ടി നേതാവ് കെജ്‌രിവാൾ പറഞ്ഞിരുന്നു. അതിനാൽ എഎപിക്ക് ഏറെ ആശ്വാസം നൽകുന്നതാണ് കോൺഗ്രസിന്‍റെ തീരുമാനം. ഇക്കാരണത്താൽ നാളത്തെ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കും. ജൂലൈ 20 നാണ് പാർലമെന്‍റ് വർഷകാല സമ്മേളനം ആരംഭിക്കുന്നത്.
also read :Opposition Meeting | രണ്ടാം പ്രതിപക്ഷ നേതൃയോഗം നാളെ, ക്ഷണം 24 പാര്‍ട്ടികള്‍ക്ക് ; ആം ആദ്‌മി പങ്കെടുത്തേക്കും
ഓർഡിനൻസിൽ കോൺഗ്രസ് നിലപാടറിയിച്ച് വേണുഗോപാൽ: ഈ സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ മുഖേന ഇടപെടാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തെ എതിർക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനും സംസ്ഥാന കാര്യങ്ങളിൽ ഗവർണർമാർ മുഖേന ഇടപെടാനുമുള്ള ഒരു ശ്രമത്തെയും തങ്ങൾ പിന്തുണയ്‌ക്കാൻ പോകുന്നില്ല. ഡൽഹി ഓർഡിനൻസും പാർലമെന്‍റിൽ എതിർക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡൽഹി, പഞ്ചാബ് ഘടകങ്ങളുടെ എതിർപ്പ് മറികടന്നാണ് വിഷയത്തിർ ഹൈക്കമാൻഡ് തീരുമാനം.
പ്രതികരിച്ച് രാഘവ് ഛദ്ദ: ഡൽഹി ഓർഡിനൻസിനെതിരെ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചത് ഒരു മികച്ച നീക്കമായിരുന്നെന്ന് വേണുഗോപാലിന്‍റെ പരാമർശങ്ങളോട് പ്രതികരിച്ച് എഎപി എംപിയും ദേശീയ വക്താവുമായ രാഘവ് ഛദ്ദ ട്വീറ്റ് ചെയ്‌തിരുന്നു. ഡൽഹി സർക്കാരിന് സംസ്ഥാനത്തെ സേവന കാര്യങ്ങളിൽ നിയന്ത്രണം നൽകുന്ന വിഷയത്തിൽ സുപ്രീം കോടതി വിധി നിരാകരിച്ചുകൊണ്ടാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മെയ് മാസത്തിൽ ഡൽഹിയിൽ ബ്യൂറോക്രാറ്റുകളുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച ഓർഡിനൻസ് പുറപ്പെടുവിച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ബിഹാറിലെ പട്‌നയിൽ കഴിഞ്ഞ മാസമാണ് ആദ്യ പ്രതിപക്ഷ ഐക്യ സമ്മേളനം ചേർന്നത്. 17 പാർട്ടികളാണ് അന്ന് യോഗത്തിൽ പങ്കെടുത്തത്.
also read :Delhi Ordinance | പാര്‍ലമെന്‍റില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്; തീരുമാനം പഞ്ചാബ്, ഡല്‍ഹി ഘടകങ്ങളുടെ എതിര്‍പ്പ് പരിഗണിക്കാതെ