ഭോപ്പാൽ :റെയിൽവേ യാത്രികർക്ക് കൊതിയൂറും വിഭവങ്ങൾ ആസ്വദിക്കാന്‍ റെയിൽ കോച്ച് റസ്റ്റോറന്‍റ് ആരംഭിച്ച് പശ്ചിമ സെൻട്രൽ റെയിൽവേ. മധ്യപ്രദേശിലെ ഭോപ്പാൽ സ്റ്റേഷനിലാണ് 'ആഹാർ' എന്ന് പേരിട്ടിരിക്കുന്ന ഭക്ഷണ ശാല റെയിൽവേ ഒരുക്കിയത്. രാജ്യത്തിന്‍റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്ഷണങ്ങൾ ലഭ്യമാകും എന്നതാണ് സവിശേഷത.
ട്രെയിനിൽ യാത്ര ചെയ്‌ത് ഭക്ഷണം കഴിക്കുന്ന അനുഭവം നൽകുന്നതിനായി ട്രെയിനിന്‍റെ രൂപത്തിലാണ് റസ്റ്റോറന്‍റ് പണികഴിപ്പിച്ചിട്ടുള്ളത്. 42 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. നിലവിൽ എം/എസ് പിയൂഷ് ട്രേഡേഴ്‌സ് ഫാമിലി മുംബൈ എന്ന ഗ്രൂപ്പ് 58,72, 329 രൂപയ്‌ക്കാണ് ഈ റസ്റ്റോറന്‍റ് ഏറ്റെടുത്തിരിക്കുന്നത്.
റസ്റ്റോറന്‍റിൽ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്നതിന് പുറമേ യാത്രക്കാർക്ക് ആഹാറിലെ ഭക്ഷണം ഓണ്‍ലൈനായും ഓർഡർ ചെയ്യാൻ സാധിക്കും. കൂടാതെ ട്രെയിൻ യാത്രികർക്ക് നേരത്തെ ഭക്ഷണം ബുക്ക് ചെയ്യാനും ട്രെയിൻ ഭോപ്പാലിൽ എത്തുന്ന സമയത്ത് അത് ഡെലിവറി ചെയ്യാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം 24 മണിക്കൂറും ലഭ്യമാണ്.