ബെംഗളൂരു: എഴുതിയാല്‍ ഗിന്നസ് റെക്കോഡ് കിട്ടുമോ?... കിട്ടും, പക്ഷേ വെറുതെ എഴുതുമ്പോഴല്ല.... സാങ്കേതിക വിദ്യയുടെ വളർച്ചയില്‍ നമ്മൾ എഴുതാൻ മറന്നപ്പോൾ രണ്ട് കൈകൾ കൊണ്ടും പല രീതിയില്‍ എഴുതി ഗിന്നസ് റെക്കോഡ് നേടിയ ഒരു പെൺകുട്ടിയുടെ കഥയാണിത്. ഇത് മംഗലാപുരം സ്വദേശിയായ ആദി സ്വരൂപ.
ആദി സ്വരൂപ, എന്തും എങ്ങനെയും എഴുതും: ഒടുവില്‍ ഗിന്നസ് റെക്കോഡും രണ്ട് കൈകൾ കൊണ്ടും ഒരേ സമയം എന്തു വേണമെങ്കിലും എഴുതാന്‍ കഴിയും. കണ്ണാടിയില്‍ കാണുന്ന തരത്തിലും നേരെ എതിര്‍ ദിശയിലും തുടങ്ങി മറ്റ് നിരവധി രീതികളിലും എഴുതാൻ ഈ പെൺകുട്ടിക്ക് സാധിക്കും.
ഇരുകൈകളും ഉപയോഗിച്ച് ഒരു മിനിട്ടിനുള്ളില്‍ 45 വാക്കുകള്‍ എഴുതിയാണ് ആദിസ്വരൂപ ഗിന്നസ് ലോക റെക്കോഡ് സൃഷ്‌ടിച്ചിരിക്കുന്നത്. മംഗലാപുരം സ്വദേശികളായ ഗോപദ്‌കർ, സുമദ്‌കർ ദമ്പതികളുടെ മകളാണ് 16 വയസുകാരിയായ ആദി സ്വരൂപ. ഉത്തർപ്രദേശിലെ ബറേലി എല്‍എടിഎ ഫൗണ്ടേഷന്‍ വ്യത്യസ്ത തരത്തില്‍ എഴുതാനുള്ള കഴിവ് കണക്കിലെടുത്ത് ഡിവിഷന്‍ ഓഫ് യൂണിഡയറക്ഷണൽ എക്‌സ്‌ക്ലൂസീവ് വേൾഡ് റെക്കോഡ് നൽകി ആദി സ്വരൂപയെ ആദരിച്ചിട്ടുണ്ട്.
ഇരു കൈകളും ഉപയോഗിച്ച് ആദി സ്വരൂപ ഒരു നോവലും എഴുതി. മറ്റൊരെണ്ണം എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ പെൺകുട്ടി. ഹിന്ദുസ്ഥാനി സംഗീതം, യക്ഷഗാനം, ചിത്രരചന എന്നിങ്ങനെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും തൽപരയാണ് ആദി സ്വരൂപ. പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികള്‍ക്ക് പരിശീലനം നൽകുന്ന സ്വരൂപ അധ്യയന കേന്ദ്രം എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തി വരികയാണ് ആദി സ്വരൂപയുടെ അച്ഛന്‍ ഗോപദ്‌കർ. സംഗീതം, ചിത്രരചന, നാടകം തുടങ്ങിയവയിൽ വിദ്യാർഥികളുടെ കഴിവ് വികസിപ്പിച്ചെടുക്കുന്നതിനാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒരേ സമയം 16 പേർ വായിച്ചു കേള്‍പ്പിക്കുന്ന വാചകങ്ങള്‍ എഴുതി, മറ്റൊരു റെക്കോഡ് സൃഷ്‌ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആദി സ്വരൂപ. റുബിക്‌സ് ക്യൂബ്, സ്‌പീഡ് ബോക്‌സ്, മിമിക്രി എന്നിവയില്‍ ഗിന്നസ് ലോക റെക്കോഡ് സൃഷ്‌ടിക്കണമെന്ന ആഗ്രഹവും ഈ കൊച്ചു മിടുക്കി സൂക്ഷിക്കുന്നുണ്ട്.