ന്യൂഡൽഹി: ഡൽഹി കലാപത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് പുനർനിർമിച്ച് നൽകി ജമിയത്ത്-ഉമേല-ഐ-ഹിന്ദ്. യാതൊരു വിധ വിവേചനവും കൂടാതെ കലാപത്തിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ സംഘടന ശ്രമിച്ചിട്ടുണ്ടെന്നും ജമിയത്ത്-ഉമേല-ഐ-ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന മഹമൂദ് മദനി പറഞ്ഞു. കഴിഞ്ഞ വർഷം വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ ദുരിതമനുഭവിച്ച ഹിന്ദു കുടുംബങ്ങളെയും സംഘടന സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമിയത്ത് സംഘടന നിർമിച്ച വീടുകൾ വെള്ളിയാഴ്ച മൗലാന മഹമൂദ് മദനി കൈമാറി. വീടുകൾക്കൊപ്പം പ്രദേശത്തെ കടകൾ, മദീന പള്ളി, മദ്രസ ആശാബ്-ഇ-സഫ എന്നിവയുടെ ഉദ്ഘാടന ചടങ്ങും ജമിയത്ത് സംഘടന നടത്തി.
ഡൽഹി കലാപം; വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമിച്ച് നൽകി - മൗലാന മഹമൂദ് മദനി
കലാപത്തിൽ തകർന്ന 166 വീടുകളും 46 കടകളും പുനർനിർമിച്ചതായി ജമിയത്ത്-ഉമേല-ഐ-ഹിന്ദ് ഭാരവാഹികൾ വ്യക്തമാക്കി
അതേസമയം ഡൽഹി സർക്കാരിൽ നിന്ന് തങ്ങൾക്ക് സഹായം ലഭിച്ചില്ലെന്നും ജമിയത്ത് സംഘടനയാണ് സഹായിച്ചതെന്നും കലാപത്തിൽ വീട് നഷ്ടമായവർ ഇടിവി ഭാരതിനോട് പറഞ്ഞു. കലാപത്തിൽ തകർന്ന 166 വീടുകളും 46 കടകളും പുനർനിർമിച്ചതായും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. കലാപസമയത്ത് തകർന്ന ഗോകൽപുരി ടയർ മാർക്കറ്റിലെ 224 ഓളം കടകളും ജമിയത്ത് പുനർനിർമിച്ചിരുന്നു.
2020 ഫെബ്രുവരി 24ന് വടക്കുകിഴക്കൻ ഡൽഹിയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്നവരും പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 53 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.