ഹൈദരാബാദ്: 100 രൂപയ്‌ക്കായി ആശുപത്രി ജീവനക്കാരന്‍ കാണിച്ച അനാസ്ഥതയില്‍ പൊലിഞ്ഞത് കുരുന്നിന്‍റെ ജീവന്‍. ഹൈദരാബാദിലെ നിലൗഫർ ആശുപത്രിയിലാണ് ഓക്‌സിജന്‍ പൈപ്പ് നീക്കം ചെയ്തതിനെ തുടര്‍ന്ന് മൂന്നര വയസുകാരന്‍ മരിച്ചത്. മുഹമ്മദ് അസാം എന്നയാളുടെ മകനായ മുഹമ്മദ് ഖാസയാണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. നേരത്തെ മറ്റൊരാശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ചിരുന്നെങ്കിലും രണ്ട്-മൂന്ന് ദിവസത്തേക്ക് രണ്ട് ലക്ഷം രൂപ ചെലവ് വന്നത് താങ്ങാനാവാതെയാണ് രക്ഷിതാക്കള്‍ കുട്ടിയെ ഇവിടേക്ക് മാറ്റിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുട്ടിയെ വെന്‍റിലേറ്ററിലാക്കിയിരുന്നു.
നൂറ് രൂപയ്ക്ക് വേണ്ടി ജീവനക്കാരൻ ഓക്സിജൻ മാസ്ക് മാറ്റി; കുഞ്ഞിന് ദാരുണാന്ത്യം ശനിയാഴ്ച കുട്ടിയെ സ്‌കാനിങ്ങിന് വിധേയനാക്കേണ്ടതിനാല്‍ ഓക്സിജൻ സിലിണ്ടർ നൽകിയിരുന്നു. എന്നാല്‍ തൊട്ടടുത്ത കിടക്കയിലെ രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ സുഭാഷിന് നൂറ് രൂപ വാഗ്ദനം ചെയ്തതിനാല്‍ ഓക്സിജൻ പൈപ്പ് അവര്‍ക്ക് ഇയാള്‍ മാറ്റി ഘടിപ്പിച്ചതായി നാമ്പള്ളി പൊലീസ് ഇൻസ്പെക്ടർ എംഡി ഖലീൽ പാഷ പറഞ്ഞു.
പൈപ്പ് ഉരിയതോടെ നിമിഷങ്ങള്‍ക്കകം കുട്ടി കോമയിലാവുകയും രക്ഷിതാക്കള്‍ വിവരമറിയിച്ചതനുസരിച്ച് ഡോക്‌ടര്‍മാര്‍ എത്തുമ്പോഴേക്കും മരണപ്പെടുകയുമായിരുന്നു. താത്കാലിക ജീവനക്കാരനായ സുഭാഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. മുരളീകൃഷ്ണ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രോഷാകുലരായ കുടുംബാംഗങ്ങള്‍ ആശുപത്രി മാനേജ്‌മെന്‍റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
also read: നിയന്ത്രണ രേഖയില്‍ സ്ഫോടനം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു