ഹൈദരാബാദ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ എന്‍ഐഎയുടെ ലിസ്റ്റില്‍ പെട്ട ഗുണ്ട നേതാവ്. ബന്ധുവിന്‍റെ കൊലപാതകത്തില്‍ പകരം ചോദിച്ചുകൊണ്ട് മാഫിയ ലോകത്തേക്ക് കടന്നുവന്ന ഗോള്‍ഡി ബ്രാറിനെ രാജ്യം അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. മകന്‍ ഗുണ്ടാത്തലവനാണെന്ന നാണക്കേടില്‍ പൊലീസ് കുപ്പായം അഴിച്ച് വയ്‌ക്കാന്‍ നിര്‍ബന്ധിതനായ ഷംഷേർ സിങ്ങിനെയും ഓര്‍മയുണ്ടാകും. കാനഡ ഗവണ്‍മെന്‍റും പിടികിട്ട പുള്ളിയായി പ്രഖ്യാപിച്ച, ഇന്‍റര്‍പോള്‍ റെഡ് നോട്ടിസ് (പ്രതിയെ പിടികൂടാന്‍ ലോകമെമ്പാടുമുള്ള നിയമപാലകരോട് ആവശ്യപ്പെടുന്ന രേഖ) പുറപ്പെടുവിച്ച ഗോള്‍ഡി ബ്രാര്‍ എന്ന മാഫിയ ഡോണിന്‍റെ ജീവിതം...
സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്‌ണോയ്‌ക്കൊപ്പം ഉയര്‍ന്നു കേട്ട മറ്റൊരു പേരായിരുന്നു ഗോള്‍ഡി ബ്രാറിന്‍റേത്. ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കിയ രാജ്യത്തെ 28 ഗുണ്ടാത്തലവന്‍മാരുടെ പട്ടികയിലും ഗോള്‍ഡി ബ്രാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാനഡയും യുഎസുമാണ് ഇന്ത്യയിലെ മാഫിയ ഡോണുകളുടെ ഇഷ്‌ട കേന്ദ്രമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിവയ്‌ക്കുന്ന തരത്തില്‍ ഗോള്‍ഡി ബ്രാര്‍ കാനഡയിലേക്ക് കടന്നിരുന്നു. കാനഡ സര്‍ക്കാരും ഗോള്‍ഡി ബ്രാറിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതോടെ ഗോള്‍ഡി അമേരിക്കയിലേക്ക് കടന്നതായാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇന്‍റര്‍പോള്‍ അടക്കം റെഡ് നോട്ടിസ് പുറപ്പെടുവിച്ച സജീന്ദര്‍ സിങ് എന്ന ഗോള്‍ഡി ബ്രാറിന്‍റെ ജീവിതം സിനിമ കഥയെ പോലും വെല്ലുന്നതാണ്.
സഹോദരന്‍റെ ചോരക്ക് പകരം ചോദിച്ച് മാഫിയ ലോകത്തേക്ക്: ലോറന്‍സ് ബിഷ്‌ണോയിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന തന്‍റെ ബന്ധു (അകന്ന സഹോദരന്‍) ഗുര്‍ലാല്‍ ബ്രാറിന്‍റെ കൊലപാതകത്തോടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള ഗോള്‍ഡി ബ്രാറിന്‍റെ കടന്നുവരവ്. പഞ്ചാബ് സര്‍വകലാശാലയില്‍ സ്റ്റുഡന്‍റ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്‌സിറ്റി (SOPU) എന്ന സംഘടന ഗോള്‍ഡി ബ്രാര്‍ രൂപീകരിക്കുകയുണ്ടായി. സംഘടനയുടെ രക്ഷാകര്‍തൃത്വം ലോറന്‍സിനായിരുന്നു. 2020 ഒക്‌ടോബറിലാണ് ഗുര്‍ലാല്‍ ബ്രാര്‍ ഛത്തീസ്‌ഗഡില്‍ വച്ച് കൊല്ലപ്പെടുന്നത്.
തന്‍റെ സഹോദരന്‍റെ കൊലപാതകത്തിന് പകരം ചോദിക്കണം എന്നതായി പിന്നീട് ഗോള്‍ഡി ബ്രാറിന്‍റെ ചിന്ത. ലോറന്‍സുമായി ഗോള്‍ഡിക്കുണ്ടായിരുന്ന അടുത്ത ബന്ധം അതിലേക്കുള്ള വഴി എളുപ്പമാക്കി. ഇതിനിടെ ഗുർലാല്‍ ബ്രാറിന്‍റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ഗുർലാൽ പഹൽവാന്‍റെ പേര് ഉയർന്നു. ഗോൾഡി ബ്രാർ പഹല്‍വാനെ കൊലപ്പെടുത്തി. ശേഷം കാനഡയിലേക്ക് രക്ഷപ്പെട്ടു.