അമരാവതി:ഏഴാം ക്ലാസിൽ അവസാനിച്ചതാണ് പത്മാകറിന്‍റെ സ്കൂൾ പഠനം. എന്നിട്ടും അദ്ദേഹം ഇപ്പോള്‍ എം ടെക് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു. അതെങ്ങനെ സാധിക്കും എന്ന് അല്‍ഭുതപ്പെടുന്നവരുടെ മുന്നിലേക്കാണ് പത്മാകറിന്‍റെ ജീവിതം തുറക്കുന്നത്. പറക്കണമെന്ന തന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഒരു ഹെലികോപ്ടര്‍ സ്വന്തമായി നിര്‍മിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട മനുഷ്യനാണ് പത്മാകർ. അവിടെയും തീരുന്നില്ല ഇദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍. കാര്‍ബണ്‍ പുറത്ത് വിടുന്നത് കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ബദല്‍ ഇന്ധനം ഉപയോഗിക്കുന്ന വാഹനവും പത്മാകറിന്‍റെ സൃഷ്ടികളിൽ ഉൾപ്പെടുന്നു.
കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാക്കിനഡ സ്വദേശിയാണ് പത്മാകര്‍. വളരെ അപൂര്‍വ്വമായി കണ്ടു വരുന്ന ഒരുതരം ചര്‍മ്മ രോഗവുമായാണ് ജനിക്കുന്നത്. ഈ ദുരവസ്ഥയെ സഹപാഠികള്‍ കളിയാക്കിയതോടെ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു. പിന്നീട് വാഹനങ്ങള്‍ നന്നാക്കാൻ പരിശീലനം നേടി. ഒരു ചെറുകിട മെക്കാനിക്കായാണ് പത്മാകർ തുടക്കം കുറിച്ചത്. ക്രമേണ ഉപഭോക്താക്കളുടെ വീട്ടു പടിക്കല്‍ സേവനം ലഭ്യമാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.