ഛത്തീസ്‌ഗഡ് : ബസ്‌തർ ജില്ലയിലെ ചിത്രകോട്ട് വനമേഖലയിൽ രണ്ട് വയസുള്ള ആൺ കുഞ്ഞ് കഴുതപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൂന്ന് കിലോമീറ്ററോളം കാട്ടുമൃഗത്തിന് പിന്നാലെ ഓടി കുഞ്ഞിനെ രക്ഷിക്കാൻ കുട്ടിയുടെ അമ്മ പരമാവധി ശ്രമിച്ചെങ്കിലും കൊല്ലപ്പെടുകയായിരുന്നു. ശനിയാഴ്‌ച നൈന്നാർ വില്ലേജിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടി ആക്രമിക്കപ്പെട്ടത്. കഴുതപ്പുലി തന്‍റെ കുഞ്ഞിനെ കടിച്ചുകൊണ്ട് കാട്ടിലേക്ക് പോകുന്നത് കണ്ട, കുട്ടിയുടെ അമ്മ മൂന്ന് കിലോമീറ്ററോളം പിന്നാലെ ഓടി കുട്ടിയെ ജീവനോടെ വീണ്ടെടുത്തു.
അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടുവയസുകാരനെ ദിമ്രപാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായ പരിക്കുകളോടെ രാവിലെ 8.30 ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവരികയും, വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം കുട്ടിയെ ശസ്‌ത്രക്രിയയ്ക്കുൾപ്പടെ വിധേയനാക്കുകയും ചെയ്‌തെങ്കിലും കുട്ടി മരിക്കുകയായിരുന്നു. പോസ്‌റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറിയെന്ന് ദിമ്രപാൽ ആശുപത്രി സൂപ്രണ്ട് അനൂത് സാഹു പറഞ്ഞു.
തന്‍റെ കുഞ്ഞിന്‍റെ ജീവനുവേണ്ടി, താന്‍ അപകടത്തിലാകുമെന്ന് അറിഞ്ഞിട്ടും മൃഗത്തിന്‍റെ പിന്നാലെ വനത്തിലേക്കോടിയ അമ്മയുടെ സ്‌നേഹത്തെയും ധീരതയെയും വാഴ്‌ത്തി നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്മയ്ക്കും കുടുംബത്തിനുമുണ്ടായ നഷ്‌ടത്തിൽ ഇവർ ദുഖവും അനുശോചനവും രേഖപ്പെടുത്തുകയും ചെയ്‌തു.
സർക്കാർ കുട്ടിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്നും 25,000 രൂപ മുന്‍കൂറായി അനുവദിച്ചെന്നും ചിത്രകോട്ട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പ്രകാശ് താക്കൂർ പറഞ്ഞു. ഇരയുടെ അമ്മയുടെ ധീരതയെ ഗ്രാമവാസികൾ അഭിനന്ദിച്ചു. പക്ഷേ, നിർഭാഗ്യവശാൽ, യഥാസമയം ചികിത്സ നൽകിയിട്ടും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ഡോക്‌ടർമാർക്ക് കഴിഞ്ഞില്ല.