കാൺപൂർ (ഉത്തര്‍പ്രദേശ്) :അടുത്ത വർഷം (2024) നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കാൺപൂരിൽ നിന്ന് 997 ലൈംഗികത്തൊഴിലാളികൾ വോട്ട് ചെയ്യും (997 sex workers of Kanpur to vote). ഇതാദ്യമായാണ് ഉത്തർപ്രദേശിൽ ലൈംഗികത്തൊഴിലാളികൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി (997 sex workers for the first time will vote from Kanpur).
ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ ഇതുവരെ പുരുഷൻ, സ്‌ത്രീ, മറ്റുള്ളവര്‍ (Third Gender) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണുള്ളത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ ലൈംഗികത്തൊഴിലാളികളുടെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 ജനുവരി 10 നാണ് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നത്. ബുദ്ധദേവ് കർമാകർ വേഴ്‌സസ് വെസ്റ്റ് ബംഗാളും മറ്റ് സംസ്ഥാനങ്ങളും എന്ന കേസിൽ (Buddhadev Karmakar vs State of West Bengal and Other States) വാദം കേട്ട ശേഷം, ലൈംഗികത്തൊഴിലാളികളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം ജനാധിപത്യത്തിന്‍റെ വീക്ഷണകോണിൽ നിന്നുള്ള ചരിത്രപരമായ ചുവട് വയ്‌പ്പായിരിക്കും ഇതെന്ന് കാൺപൂർ ജില്ല കലക്‌ടര്‍ വിശാഖ് ജി പറഞ്ഞു. ഇതുവരെ പാർശ്വവത്കരിക്കപ്പെട്ടിരുന്ന ലൈംഗികത്തൊഴിലാളികൾ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ലൈംഗികത്തൊഴിലാളികൾക്ക് പുറമെ പട്ടികജാതി, ഗോത്രവർഗം തുടങ്ങിയ ചില വിഭാഗങ്ങളിൽ നിന്നുള്ളവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കലക്‌ടര്‍ പറഞ്ഞു.