ചെന്നൈ : ഉറങ്ങിക്കിടക്കുന്നവനെ തേടി സുന്ദര സ്വപ്‌നങ്ങളെത്തുന്നത് സാധാരണമാണ്. എന്നാല്‍ ഉറക്കമുണരുമ്പോള്‍ അതൊരു കിനാവ് മാത്രമാണെന്ന് ബോധ്യപ്പെടാറുമുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്‌തമായി ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കോടീശ്വരനായി (Billionaire) മാറിയ ആളുകളെക്കുറിച്ചുള്ള കഥകളും കേട്ടുകാണും. ഇത്തരത്തില്‍ ഒരു വേറിട്ട സംഭവമാണ് ചെന്നൈയില്‍ ടാക്‌സി കാര്‍ (Rental Car) ഡ്രൈവറായ രാജ്‌കുമാറിന്‍റെ ജീവിതത്തിലുണ്ടായത് (9000 Crores Recieved In Account).
കണ്ണടച്ച് തുറന്നപ്പോള്‍ കോടീശ്വരന്‍ : പഴനി നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്‌കുമാർ, ഉപജീവനത്തിനായി കോടമ്പാക്കത്തുള്ള സുഹൃത്തിന്‍റെ മുറിയിൽ താമസിച്ച് വാടകയ്‌ക്ക് കാർ ഓടിച്ചുവരികയായിരുന്നു. അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ ഒമ്പതിന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കാര്‍ ഒരിടത്ത് പാര്‍ക്ക് ചെയ്‌ത് രാജ്‌കുമാര്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് മൊബൈല്‍ഫോണിലേക്ക് ഒരു സന്ദേശമെത്തുന്നത്. നോട്ടിഫിക്കേഷന്‍ ശ്രദ്ധയില്‍പ്പെട്ട് വായിച്ചുനോക്കിയപ്പോഴാണ് തന്‍റെ അക്കൗണ്ടില്‍ 9,000 കോടി രൂപ എത്തിയതായി മനസിലാവുന്നത്.
ആദ്യനോട്ടത്തില്‍ പൂജ്യങ്ങള്‍ എത്രയെന്ന് പോലും എണ്ണിത്തിട്ടപ്പെടുത്താനാവാതെ കുഴഞ്ഞ രാജ്‌കുമാര്‍, ഒടുക്കം എത്തിയത് 9,000 കോടി രൂപയാണെന്ന് തിരിച്ചറിഞ്ഞു. വെറും 15 രൂപ മാത്രമുള്ള ബാങ്ക് അക്കൗണ്ടുവച്ച് (Bank Account) മറ്റാരെങ്കിലും തന്നെ കബളിപ്പിക്കാന്‍ ചെയ്യുന്നതാണെന്ന് സംശയം തോന്നിയ ഇയാള്‍ സുഹൃത്തിന് അക്കൗണ്ടില്‍ നിന്നും 21,000 രൂപ അയച്ചുനല്‍കി. പണം കൈമാറിയതായി സന്ദേശം ലഭിച്ചതോടെയാണ് തന്‍റെ അക്കൗണ്ടില്‍ ഭീമമായ തുക എത്തിയെന്നത് ഇയാള്‍ ഉറപ്പാക്കുന്നത്.
കൈയ്യബദ്ധം സംഭവിച്ചതാണെന്ന് ബാങ്ക് : ഈ സമയത്താണ് തമിഴ്‌നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ തൂത്തുക്കുടിയിലെ ഹെഡ് ഓഫിസില്‍ നിന്ന് രാജ്‌കുമാറിന് വിളിയെത്തുന്നത്. താങ്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 9,000 കോടി രൂപ നിക്ഷേപിച്ചതായും യാതൊരു കാരണവശാലും അതില്‍ നിന്ന് ചെലവഴിക്കരുതെന്നും അവര്‍ രാജ്‌കുമാറിനോട് അറിയിച്ചു.