ന്യൂഡൽഹി:ഇന്ത്യൻ കരസേന മേധാവിമാരുടെ കോൺക്ലേവ് വ്യാഴാഴ്‌ച ആരംഭിക്കും. ന്യൂഡൽഹിയിൽ 16 മുതൽ 18 വരെയാണ് എട്ടാമത്തെ എഡിഷൻ കോൺക്ലേവ് നടക്കുക. മൂന്ന് ദിവസമായി നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ കരസേനയുടെയും ഒപ്പം നേപ്പാളി കരസേനയുടെയും മേധാവിയായി പ്രവർത്തിച്ചവർക്കും ക്ഷണമുണ്ട്. കരസേന മേധാവിമാരിലെ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സംവാദമാണ് കോൺക്ലേവ് എന്ന ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യൻ ആർമിയിലുണ്ടാകുന്ന മാറ്റങ്ങൾ, ആത്മനിർഭർ പദ്ധതിയിലൂടെ സേന കൈവരിക്കുന്ന സ്വയം പര്യാപ്‌തത, പ്രതിരോധ മേഖലയിലെ മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭങ്ങൾ തുടങ്ങിയവ കോൺക്ലേവിൽ ചർച്ചയാകും. ദേശീയ യുദ്ധ സ്മാരകത്തിൽ മുൻ സൈനിക മേധാവികൾ പുഷ്പചക്രം അർപ്പിച്ച് ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കും. ഇന്ത്യൻ ആർമിയുടെ ഭരണ, എച്ച്ആർ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെ നടക്കും. ഇന്ത്യൻ ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥൻമാർ ചർച്ചയുടെ ഭാഗമാകും.