ഹൈദരാബാദ്: അമൂല്യ പുരാവസ്‌തുക്കളുടെ ശേഖരവുമായി ഹൈദരാബാദ് സ്വദേശി വൈ.കൃഷ്‌ണമൂർത്തി. 900ത്തോളം വരുന്ന പുരാവസ്‌തുക്കൾ ശേഖരിച്ച് തന്‍റെ വീട് മ്യൂസിയം ആക്കി മാറ്റിയിരിക്കുകയാണ് 81കാരനായ കൃഷ്‌ണമൂർത്തി. വെങ്കലം, ചെമ്പ്, താമ്രം, കല്ല്, വർഷങ്ങൾ പഴക്കമുള്ള വിന്‍റേജ് ടെലിഫോൺ, താളിയോലയിൽ എഴുതാൻ ഉപയോഗിക്കുന്ന ഘണ്ടം തുടങ്ങി നിരവധി വസ്‌തുക്കളാണ് അദ്ദേഹത്തിന്‍റെ അമൂല്യ ശേഖരത്തിലുള്ളത്.
പണ്ട് കാലത്തെ ജനങ്ങൾ പിച്ചള, വെങ്കലം, കല്ല് പാത്രങ്ങളിലായിരുന്നു അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ പാകം ചെയ്‌തിരുന്നത്. ചെമ്പ് പാത്രങ്ങളിലായിരുന്നു വെള്ളം സംഭരിച്ചിരുന്നത്. അതു വഴിയാണ് പണ്ടത്തെ ജനങ്ങൾക്ക് ധാതുക്കൾ ശരീരത്തിൽ കിട്ടിയിരുന്നതെന്നും ഈ വിദ്യകൾ ഇനിയും ഉപയോഗപ്പെടുത്തണമെന്നും കൃഷ്‌ണമൂർത്തി പറയുന്നു.