ഭോപ്പാല്‍:എട്ട് ആഫ്രിക്കന്‍ ചീറ്റകള്‍ സെപ്റ്റംബര്‍ 17ന് ഇന്ത്യയില്‍ എത്തും. അഞ്ച് പെണ്‍ ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് രാജസ്ഥാനിലെ ജയ്‌പൂരിലെത്തുക. നമീബിയയുടെ തലസ്ഥാനമായ വിന്‍ഡോക്കില്‍ നിന്ന് സെപ്റ്റംബര്‍ 16ന് ചീറ്റകളേയും വഹിച്ച് കൊണ്ട് ബോയിങ് 747 വിമാനം പുറപ്പെടും.
പത്ത് മണിക്കൂര്‍ നീണ്ടതാണ് യാത്ര. ജയ്‌പൂര്‍ വിമാനത്താവളത്തില്‍ ചീറ്റകളേയും വഹിച്ചുകൊണ്ടുള്ള കാര്‍ഗോ വിമാനം സെപ്റ്റംബര്‍ 17ന് എത്തിച്ചേരുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ 17ന് തന്നെ ഹെലികോപ്‌റ്ററില്‍ ചീറ്റകളെ മധ്യപ്രദേശിലെ കുനോ പാല്‍പൂര്‍ ദേശീയോദ്യാനത്തില്‍ എത്തിക്കും.
ചീറ്റകളെ അന്നേ ദിവസം തന്നെ ക്വാറന്‍റൈനിലേക്ക് മാറ്റും. വേലിക്കെട്ടി തിരിച്ച ഇടങ്ങളിലേക്ക് ഇവയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന് വിടും. 'ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരിക' എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായാണ് ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നത്.
എട്ട് ചീറ്റകളെ ജയ്‌പൂരില്‍ നിന്ന് മധ്യപ്രദേശില്‍ എത്തിക്കുന്നതിന് എത്ര ഹെലികോപ്റ്ററുകള്‍ വേണ്ടിവരുമെന്ന ചോദ്യത്തിന് ഏത് തരം ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമിതെന്ന് മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജെഎസ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചെറിയ ഹെലികോപ്റ്റര്‍ ആണെങ്കില്‍ എട്ട് ചീറ്റകളെ കൊണ്ടുവരാന്‍ രണ്ട് ട്രിപ്പുകള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കുക. ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് വന്യമൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ അവയെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കണമെന്ന് അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ ഉണ്ട്.
ഇത് പ്രകാരം ചീറ്റകളുടെ ക്വാറന്‍റൈനായി ആറ് വേലിക്കെട്ടി തിരിച്ച ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ചൗഹാന്‍ പറഞ്ഞു. അന്താരാഷ്‌ട്ര പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് വന്യമൃഗങ്ങളെ മാറ്റുന്നതിന് മുമ്പും ശേഷവും ഒരു മാസം വീതം അവയെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കണം.
1947ല്‍ ഇന്നത്തെ ഛത്തീസ്‌ഗഡ് സംസ്ഥാനത്തെ കൊരിയ ജില്ലയിലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റ മരണപ്പെടുന്നത്. ചീറ്റകള്‍ക്ക് ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി 1952ല്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. 2009ലാണ് ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയില്‍ കൊണ്ടുവരിക എന്ന പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കുനോ പാല്‍പൂര്‍ ദേശീയോദ്യാനത്തില്‍ ചീറ്റകളെ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊവിഡ് കാരണം നീണ്ട് പോകുകയായിരുന്നു.