ജയ്പ്പൂര്‍ :രാജ്യം അതിന്‍റെ 75ാം സ്വാതന്ത്ര്യസമരം ആഘോഷിക്കുന്ന വര്‍ഷമാണിത്. രാജ്യത്തിന്‍റെ നാനാദിക്കിലും കൊളോണിയല്‍ ആധിപത്യത്തിനെതിരെ പോരാട്ടങ്ങള്‍ നടന്നിരുന്നു. രാജ്യത്തുനടന്ന സ്വാതന്ത്ര്യ സമരത്തിന്‍റെ ത്രസിപ്പിക്കുന്ന കഥകള്‍ ലോകത്തെ അറിയിക്കുകയാണ് ഇടിവി ഭാരത്.
ബ്രിട്ടീഷ് സ്വേഛാധിപത്യ വാഴ്‌ചയെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തുരത്താനായി ഏറെ പ്രയത്നിച്ച രാജസ്ഥാനിലെ ബർഹത്ത് കുടുംബത്തിന്‍റെ കഥയാണ് ഈ ആഴ്ച ഇടിവി ഭാരത് നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. നാടന്‍ പാട്ടുകളിലൂടെ ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിച്ച അച്ഛന്‍റേയും മകന്‍റേയും സഹോദരന്‍റേയും കഥയാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി സ്വന്തം കുടുംബത്തെ സമര്‍പ്പിച്ച രാജ്യസ്നേഹികളുടെ കഥ.
കവി കേസരി സിങ് ബർഹത്താണ് ഈ കഥയിലെ പോരാളി. ഇദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ത്യാഗം ഇപ്പോഴും രാജസ്ഥാനിലെ ഓരോ രാജ്യ സ്നേഹിയുടെയും ഹൃദയത്തിലുണ്ട്. കേസരി സിങ് ബർഹത്തിന്‍റെ മകനായ പ്രതാപ് സിങ് ബര്‍ഹത്തിനെ ബ്രിട്ടീഷ് പട്ടാളം 25ാം വയസിലാണ് കൊലപ്പെടുത്തിയത്.
കൃത്യമായി പറഞ്ഞാല്‍ ഭഗത്‌സിങും സുഖ്‌ദേവ് ഥാപ്പറും ശിവറാം രാജ്‌ഗുരുവും കൊല്ലപ്പെടുന്നതിന് 13 വര്‍ഷം മുന്‍പ്. 1931ലാണ് ഭഗത് സിങ്ങിനെയും സുഹൃത്തുക്കളെയും ബ്രട്ടീഷ് പട്ടാളം കൊല ചെയ്തത്. എന്നാല്‍ 1918 ല്‍ പ്രതാപ് സിങ് കൊല്ലപ്പെട്ടിരുന്നു. 1912ല്‍ ഹാർഡിംഗ് പ്രഭുവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിനാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചത്.
നാളുകള്‍ നീണ്ട ജയില്‍ വാസവും കൊടിയ പീഡനവും കാരണം പ്രതാപ് സിങ് മരണത്തിന് കീഴടങ്ങി. ഡല്‍ഹി ഗൂഢാലോചനാ കേസ് എന്നാണ് ഈ സംഭവത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യത്ത് നടന്ന ആദ്യ പ്രതികരണങ്ങളില്‍ ഒന്നായിരുന്നു ഈ പ്രതിഷേധം.
കേസരി സിംഗ് ബർഹത്ത്; സ്വാതന്ത്ര്യ സമരത്തിന്‍റെ വിപ്ലവ ഗാഥകള്‍ ആരാണ് കേസരി സിങ് ബർഹത്ത്...?
രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ഷാഹപുര ഗ്രാമത്തിലെ സമ്പന്ന കുടുംബത്തില്‍ 1872 നവംബർ 21 നായിരുന്നു കേസരി സിങ് ബർഹത്തിന്‍റെ ജനനം. കവിയും പണ്ഡിതനുമായിരുന്നു അദ്ദേഹം. രാജ്യത്ത് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടാന്‍ തന്‍റെ മക്കളോട് ആഹ്വാനം ചെയ്ത ചുരുക്കം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് റാഷ് ബിഹാരി ബോസിനെ ഉദ്ധരിച്ചുകൊണ്ട് ഷഹീദ് പ്രതാപ് സിങ് ബർഹത്ത് സന്‍സ്ഥാന്‍ സെക്രട്ടറി കൈലാഷ് സിങ് ജാദാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
അദ്ദേഹത്തിന്‍റെ മകൻ പ്രതാപ് സിങ് മാത്രമല്ല, സഹോദരൻ സോരവർ സിങ്ങും വിപ്ലവത്തിന്‍റെ പാതയാണ് സ്വീകരിച്ചത്. ഇരുവരും രാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും ചെയ്തു. രാഗ് സോറത്ത് എന്ന ഗ്രന്ഥത്തിലെ ചേതവാണി രാ ചുങ്കത്യ എന്ന കവിതയിലൂടെ അദ്ദേഹം രാജ്യത്തെ യുവജനങ്ങളില്‍ വിപ്ലവത്തിന്‍റെ വിത്തുകള്‍ പാകി. ഇതോടെ അദ്ദേഹം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി.
സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും എഴുതിയ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ നോട്ടപ്പുള്ളിയാക്കിയിരുന്നു. എന്നാല്‍ സിങ്ങിനെയും കുടുംബത്തേയും ഇത് ഒരു തരിപോലും പിന്നോട്ട് വലിച്ചില്ല. ഇതിനിടെ മഹന്തി പ്യാരെ ലാൽ വധക്കേസിൽ കേസരി സിങ് പൊലീസ് പിടിയിലായി. 20 വർഷം ബിഹാറിലെ ഹസാരിബാഗിൽ ജയിലിൽ കഴിയുകയും ചെയ്തു. 1941 ഓഗസ്റ്റ് 14 ന് അദ്ദേഹം മരിച്ചു.
മഹാത്മാഗാന്ധിക്കൊപ്പം
കേസരി സിങ്ങിന്‍റെ വീട് പലപ്പോഴും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റേയും വിപ്ലവകാരികളുടേയും കേന്ദ്രവും ഒളിത്താവളവുമായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകരമായ ആശയങ്ങളുടെ പ്രചാരകന്‍ ആയിരുന്നെങ്കിലും മഹാത്മാഗാന്ധിയുടെ അഹിംസാ പ്രസ്ഥാനത്തിന് അദ്ദേഹം പൂര്‍ണ പിന്‍തുണ നല്‍കിയിരുന്നു. അതിനാല്‍ തന്നെ തന്‍റെ ഉപ്പുകുറുക്കല്‍ സത്യാഗ്രഹത്തില്‍ അടക്കം ഗാന്ധിക്കൊപ്പം സിങ്ങും പങ്കെടുത്തു.
ഗാന്ധി നയിച്ച ദണ്ഡിയാത്രയില്‍ സിങ്ങിന്‍റെ കുടുംബം മുഴുവന്‍ പങ്കെടുത്തിരുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മൂൽചന്ദ് പെസ്വാനി ഇടിവി ഭാരതത്തോട് പറഞ്ഞു. രാജസ്ഥാനില്‍ ഗാന്ധി നടത്തിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വം അദ്ദേഹം സിങ്ങിനെയാണ് എല്‍പ്പിച്ചിരുന്നത്. ഇതിനിടെയാണ് മേവിലെ ഭരണാധികാരിയായിരുന്ന മഹാറാണ മേവര്‍ ബ്രിട്ടീഷുകാരുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ കേസരി സിങ് അദ്ദേഹത്തിന് ഒരു കത്ത് നല്‍കി. കത്ത് വായിച്ച റാണ കൂടിക്കാഴ്ച്ച വേണ്ടെന്ന് വച്ച് തിരികെ സംസ്ഥാനത്തേക്ക് തിരിച്ചുവരികയായിരുന്നു.
തലതാഴ്ത്താതെ മരണം വരിച്ച മനുഷ്യന്‍
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് മാറ്റാന്‍ 1912 ഡിസംബർ മൂന്നിന് അന്നത്തെ വൈസ്രോയിയായിരുന്ന ലോര്‍ഡ് ഹാർഡിങ് തീരുമാനിച്ചു. ഇതോടെ അദ്ദേഹത്തെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ഒരു കൂട്ടം വിപ്ലവകാരികള്‍ തീരുമാനിച്ചു. ഈ സംഘത്തില്‍ കേസരി സിങ്ങിന്‍റെ ബര്‍ഹത്തിന്‍റെ മകന്‍ പ്രതാപ് സിങും ഉണ്ടായിരുന്നു. അമ്മാവൻ സോറവാർ സിങും ബർഹത്തും ചേര്‍ന്നു.
എന്നാല്‍ ഗൂഢാലോചന ബ്രിട്ടീഷ് പട്ടാളം അറിഞ്ഞു. ഇതോടെ പ്രതാപ് സിങ്ങിനെയും സംഘത്തേയും പൊലീസ് അറസ്റ്റ് ചെയ്തു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ബര്‍ഹത്തിനോട് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഇതോടെ അദ്ദേഹത്തിനും കുടുംബത്തിനും ജോലി അടക്കമുള്ള വാഗ്ദാനങ്ങളും നല്‍കി. വേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം.
എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ചാൾസ് എന്ന ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് പറഞ്ഞു. "നിന്റെ അമ്മ നിനക്കുവേണ്ടി കരയുകയാണ്" എന്നാല്‍ പ്രതാപ് സിങ്ങിന്‍റെ മറുപടി ഇങ്ങനെയായിരുന്നു "എന്‍റെ അമ്മയുടെ കരച്ചിൽ മാറ്റാനായി അയിരം അമ്മമാരുടെ കണ്ണീരുവീഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല". ഇതോടെ ബ്രിട്ടീഷുകാര്‍ ആക്രമണം തുടരുകയായിരുന്നു. ഇതിനിടെ 1918 മേയ് 18 -ന് അദ്ദേഹം ജയിലില്‍വച്ച് മരിച്ചു.
പ്രതാപ് സിങ് ബർഹത്തിന്‍റെ അന്ത്യകർമങ്ങൾ നടത്തുന്നതിനുപകരം മൃതദേഹം ജയിലിൽ അടക്കം ചെയ്യാനായിരുന്നു തീരുമാനം. അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടതിനാലായിരുന്നു ഇത്. എന്നാല്‍ അമ്മാവന്‍ സോറാവർ സിങ് 27 വർഷക്കാലം മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വിവിധ കേന്ദ്രങ്ങളിലെത്തി സ്വാതന്ത്ര്യ സമര സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. 1939 ഒക്ടോബർ 17 ന് അദ്ദേഹവും മരണത്തിന് കീഴടങ്ങി.
സിങ്ങിന്‍റെ വരും തലമുറക്കാര്‍
ഈ കുടുംബത്തിന്‍റെ ഭാഗമാകാനായതിന്‍റെ അഭിമാനത്തിലാണ് കേസരി സിങ് ബർഹത്തിന്‍റെ പുതുതലമുറ. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പൂർവ്വികർ നടത്തിയ രക്തസാക്ഷിത്വത്തിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് കുടുംബാംഗമായ സർല കൻവാര്‍ പറയുന്നു. ഇന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച വിപ്ലവ കുടുംബത്തിന്‍റെ വീരഗാഥകള്‍ രാജസ്ഥാനിലെ ജനങ്ങളിൽ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.